സമരങ്ങള്‍ നിഷ്ഫലം: തിരൂര്‍ നഗരസഭാ സ്‌റ്റേഡിയം അടഞ്ഞുതന്നെ

തിരൂര്‍: അടച്ചിട്ട സ്‌റ്റേഡിയം തുറക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങള്‍ക്ക് നഗരം സാക്ഷ്യം വഹിച്ചെങ്കിലും തിരൂര്‍ നഗരസഭാ സ്‌റ്റേഡിയം അടഞ്ഞുതന്നെ കിടക്കുകയാണ്. അറ്റുകുറ്റപ്പണികള്‍ക്കായി സ്‌റ്റേഡിയം അടച്ചു പൂട്ടിയിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും നാളിതുവരെ തുറന്നുകൊടുക്കാന്‍ നടപടികളായിട്ടില്ല. സ്‌റ്റേഡിയം പ്രവൃത്തിക്ക് രാഷ്ട്രീയ മാനം കൈവരുകയും ലോകസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തി നില്‍ക്കുകയും ചെയ്തതോടെ കൂട്ടതല്‍ സമരങ്ങള്‍ സജീവമാവുകയാണ്. വ്യാജ അറ്റുകുറ്റപ്പണിയുടെ പേരില്‍ അടച്ചിട്ട സ്‌റ്റേഡിയം കായിക പ്രേമികള്‍ക്കായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ മുസ്്‌ലീം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ബഹുജന മാര്‍ച്ച് നടത്തി. സമരം ലീഗ് തിരൂര്‍ മണ്ഡലം സെക്രട്ടറി വെട്ടം ആലിക്കോയ ഉല്‍ഘാടനം ചെയ്തു. ആഗസ്ത് ഒന്നു മുതല്‍ പ്രമേഹരോഗിയായ അബ്ദു നിരാഹാര സമരം പ്രഖ്യാപി ച്ചിട്ടുണ്ട്. ഈ സമരത്തിന് പ്രഭാതസവാരിക്കാരുടെ പിന്തുണയുണ്ട്. നടത്തക്കാരിലെ ഒരുകൂട്ടര്‍ നഗരഭരണാധികാരികള്‍ക്ക് നിവേദനം നല്‍കി സമരത്തിനൊരുങ്ങുകയാണ്.
രാഷ്ട്രീയപ്പോരില്‍ തിരൂര്‍ സ്‌റ്റേഡിയം പരിചരണമില്ലാത്തതിനാല്‍ നശിച്ചു തുടങ്ങിയിരുന്നു. സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് കുത്തിക്കീറിയും മൈതാനം പുല്ല് കരിഞ്ഞുണങ്ങിയുമാണ് നശിച്ചിരുന്നത്.സംഭവം പ്രതിഷേധങ്ങള്‍ക്ക് കാരണമായതോടെ നഗരസഭ ഇടപെടുകയും പുല്ല് നനക്കാന്‍ തുടങ്ങുകയും പ്രവേശനം നിഷേധിച്ച് സ്‌റ്റേഡിയം അറ്റുകുറ്റപ്പണികള്‍ക്കായി അടച്ചിടുകയും ചെയ്തിരുന്നു. സ്‌റ്റേഡിയം കരിഞ്ഞുണങ്ങിയതോടെ വിവാദങ്ങള്‍ രാഷ്ട്രീയ കളിയുടെ മാമാങ്കത്തിന് കൊടിയേറി.
സ്‌റ്റേഡിയം സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ നഗരഭരണാധികാരികളുടെ അനാസ്ഥക്കെതിരെ പൊതുജനത്തെ ഉപയോഗപ്പെടുത്തി എംഎല്‍എ സി മമ്മുട്ടി ജീവജല സമരം പ്രഖ്യാപിച്ചതോടെയാണ് കളിസ്ഥലത്തിന് വീണ്ടും രാഷ്ട്രീയ മുഖം കൈവന്നത്. എംഎല്‍എ ഏപ്രില്‍14 ന് സമരംനടത്തുമെന്ന് പ്രഖ്യാപിച്ചതോടെ 13 ന് അറ്റുകുറ്റപ്പണികള്‍ക്കായി അട ക്കുന്നുവെന്നും സ്‌റ്റേഡിയത്തിലേക്ക് പൊതുജന പ്രവേശനം നിരോധിച്ചു കൊണ്ടും നഗരസഭ ബോര്‍ഡുവെച്ചു. തിരൂരിന് അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് ആവശ്യമെന്നും കിഫ്ബിയെ ഉപയോഗിച്ച 50 കോടി ചെലവില്‍ പദ്ധതിക്ക് അനുമതിയായിട്ടുണ്ടെന്നും പറഞ്ഞ് നഗരസഭാ ചെയര്‍മാന്‍ രംഗത്തുവന്നു.
സി മമ്മുട്ടി എം എല്‍ എ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് തിരൂരിലെ സ്‌റ്റേഡിയം ഇപ്പോഴുള്ള സ്ഥിതിയില്‍ വികസിപ്പിച്ചത്. അതു സംബന്ധിച്ച് യുഡിഎഫും എല്‍ഡിഎഫും പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. അതോടെ രാഷ്ട്രീയ പകപോക്കലിന് സ്‌റ്റേഡിയം വിധേയമാവുകയായിരുന്നു. അതാണ് സ്‌റ്റേഡിയത്തിന്റെ ദുരവസ്ഥക്കും സമരങ്ങള്‍ കലിപ്പുള്ളതാകാനും കാരണമായത്.

RELATED STORIES

Share it
Top