സമരങ്ങള്‍ക്കും ദീര്‍ഘകാലത്തെ കാത്തിരിപ്പിനും അറുതിയായി; റെയില്‍വേയുടെ അടിപ്പാത തുറന്നുകൊടുത്തു

വടക്കാഞ്ചേരി: ജനകീയ സമരങ്ങള്‍ക്കും ദീര്‍ഘകാലത്തെ കാത്തിരിപ്പിനും അറുതിയായി. മിണാലൂര്‍ റെയില്‍വെ ഗെയിറ്റ് ഒഴിവാക്കിക്കൊണ്ടുള്ള റെയില്‍വെയുടെ അടിപ്പാത ഔദ്യോഗികമായി തുറന്നു കൊടുത്തു. ഏറെ നാളത്തെ കഷ്ടപ്പാടുകളും കാത്തിരിപ്പും സാക്ഷാല്‍കരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ന് മിണാലൂര്‍ ഗ്രാമം.
മൂന്ന് വര്‍ഷത്തോളമായി നടന്നുവന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അടിപ്പാത യാഥാര്‍ഥ്യമായപ്പോള്‍ മിണാലൂര്‍, മുണ്ടത്തിക്കോട്, പാര്‍ളിക്കാട്, കുമ്പളങ്ങാട് മേഖലയിലുള്ളവര്‍ ഏറെ ആഹ്ലാദത്തിലാണ്. പൂര്‍ണമായും തകര്‍ന്ന അത്താണി മുതല്‍ പാര്‍ളിക്കാട് വരെയുള്ള സംസ്ഥാന ഹൈവേ ഒഴിവാക്കി വാഹനങ്ങള്‍ക്ക് പാര്‍ളിക്കാട് എത്തിച്ചേരാനായി ഇനിമുതല്‍ അടിപ്പാതയെ ഉപയോഗപ്പെടുത്താം. മിണാലൂര്‍ റോഡ് വഴി മുന്‍പ് പോയിരുന്ന ബസ്സ് റൂട്ടുകളും ഇതുവഴി പുനരാരംഭിക്കും. അടിപ്പാതക്ക് ഇരുവശവുമായി കിടക്കുന്ന അമ്പത് സെന്റൊളം പുറമ്പോക്ക് ഭൂമിയില്‍ പാര്‍ക്കും പൂന്തോട്ട നിര്‍മ്മാണവും എം.എല്‍.എ, എം.പി ഫണ്ടിന്റെ സഹായത്താല്‍ നടപ്പിലാക്കുമെന്ന് വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം ആര്‍ അനൂപ് കിഷോര്‍ പറഞ്ഞു. മിണാലൂര്‍ ബൈപ്പാസില്‍ നിന്ന് ആരംഭിക്കുന്ന റോഡില്‍ അല്‍പദൂരം പുതിയ റോഡ് നിര്‍മ്മിച്ച് വടക്കാഞ്ചേരി കുമ്പളങ്ങാട് റൂട്ടിലേക്ക് എത്തിച്ചാല്‍ വടക്കാഞ്ചേരി ടൗണ്‍ ഒഴിവാക്കിക്കൊണ്ടുള്ള ബൈപ്പാസ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനാകും. നാലു കോടി പതിനേഴ് ലക്ഷം രൂപ ചിലവഴിച്ചാണ് അടിപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
മിണാലൂര്‍ അടിപ്പാതയുടെ ഉദ്ഘാടനം പി കെ ബിജു എം.പി. നിര്‍വ്വഹിച്ചു. അടിപ്പാത യാഥാര്‍ഥ്യമായതോടെ വടക്കാഞ്ചേരി ടൗണ്‍ ഒഴിവാക്കിക്കൊണ്ടുള്ള ബൈപ്പാസ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എംപി പറഞ്ഞു. അനില്‍ അക്കര എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍ എം ആര്‍ അനൂപ് കിഷോര്‍, കെ അജിത്ത് കുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top