സമരം ശക്തമാക്കി വ്യാപാരികള്‍; നേതാക്കളുടെ 24 മണിക്കൂര്‍ രാപകല്‍ സമരം ഇന്ന്

ആലുവ: നഗരത്തില്‍ നടപ്പാക്കിയ അശാസ്ത്രീയ ഗതാഗത പരിഷ്‌ക്കാരത്തിനെതിരേ വ്യാപാരി നേതാക്കളുടെ 24 മണിക്കൂര്‍ നിരാഹാര സമരം ഇന്ന്. ആലുവ മര്‍ച്ചന്റ് അസോസിയേഷല്‍ പ്രസിഡന്റ് ഇ എം നസീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ 12 ഓളം വ്യാപാരി നേതാക്കള്‍ നിരാഹാര സമരം നടത്തും. ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റിയുടെ അധ്യക്ഷയായ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ ഓഫിസ് സ്ഥിതി ചെയ്യുന്ന നഗരസഭാ കാര്യാലയത്തിന്റെ മുന്‍പില്‍ രാവിലെ 10 മുതല്‍ നാളെ രാവിലെ 10 വരെ 24 മണിക്കൂറാണ് സമരവേദി. കെവിവിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ മേഖലാ നേതാക്കള്‍ സംസാരിക്കും. പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ടൗണില്‍ ജീവിക്കുന്നവര്‍ക്കും തീരാദുരിതമായിരിക്കുകയാണ്. വ്യാപാരികളുമായി ചേര്‍ന്ന് സംയുക്ത സമര സമിതിയും ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. സമരത്തിന് ഐക്യദാര്‍ഢ്യം നല്‍കി വൈകീട്ട് നഗരത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി സി റഫീക്ക്, യൂനിറ്റ് പ്രസിഡന്റ് ശരത്ത് ജി നായര്‍ അറിയിച്ചു.കെവിവിഇഎസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലയിലെ മുഴുവന്‍ യൂനിറ്റ് ഭാരവാഹികളും പ്രകടനമായി വന്ന് സമരത്തില്‍ പങ്കെടുക്കുമെന്ന് മേഖലാ പ്രസിഡന്റ് ഷഫീക്ക്, സെക്രട്ടറി ഷാജഹാന്‍  അറിയിച്ചു.ബിഎംഎസിന്റെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തും. സിപിഎം, സിഐടിയു, ഡിവൈഎഫ്‌ഐ, ബിഎം എസ്, എസ്ഡിപിഐ, എസ്ഡിറ്റിയു, ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോസിയേഷന്‍, വിവിധ റസിഡന്റ് അസോസിയേഷന്‍, പൗരാവകാശ പരിസ്ഥിതി സംരക്ഷണ സമിതി, മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, എകെഡിഎ, മര്‍ച്ചന്റ് യൂത്ത് വിങ് തുടങ്ങി വിവിധ സംഘടനകള്‍ സമരത്തിന് ഐക്യ ഡാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തും. നാളെ രാവിലെ 10ന് സമാപന സമ്മേളനം കെവിഇഎസ് ജില്ലാ പ്രസിഡന്റ് പി എ എം ഇബ്രാഹിം നിര്‍വഹിക്കും.

RELATED STORIES

Share it
Top