സമരം തുടരുമെന്ന് കെജ്രിവാള്‍


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉദ്യോഗസ്ഥരോട് അവരുടെ നിലപാട് മാറ്റാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നതുവരെ രാജ് നിവാസിലെ സ്വീകരണമുറിയിലെ സമരം അവസാനിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്തധികാരത്തിലാണ് ഡല്‍ഹി മന്ത്രിമാര്‍ ലഫ് ഗവര്‍ണറുടെ വസതിയില്‍ സമരം ചെയ്യുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി ആരാഞ്ഞ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം.. ഡല്‍ഹിയിലെ ഐഎഎസ് ഓഫീസര്‍മാരുടെ നിസ്സഹകരണ സമത്തിന്റെ പശ്ചാത്തലത്തിലാണ് സമരമെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ പറയുന്നത് അവര്‍ക്ക് ജോലി തുടരാന്‍ താല്‍പര്യമുണ്ടെന്നാണ്. പക്ഷേ ഗവര്‍ണര്‍ ഓഫീസില്‍ നിന്നും സമ്മര്‍ദമുണ്ട്. ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് തങ്ങള്‍ നിലപാടു കടുപ്പിക്കാന്‍ കാരണമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.
ഐഎഎസ് ഉദ്യോേഗസ്ഥര്‍ സര്‍ക്കാരിന്റെ ഒരു യോഗത്തിലും പങ്കെടുക്കുന്നില്ല. മന്ത്രിമാരോട് ഫോണില്‍ പോലും സംസാരിക്കുന്നില്ല. സ്‌കൂള്‍, കോളജ്, ആശുപത്രി പോലെയുള്ള പല സേവനങ്ങളും സ്തംഭനാവസ്ഥയിലാണ്.
മൊഹല്ല ക്ലിനിക്കുകളുടെ നിര്‍മാണം മുടങ്ങി. ഗവര്‍ണര്‍ക്ക് പല തവണ കത്തെഴുതിയിരുന്നു. സമരം അവസാനിപ്പിക്കുന്നതിനായി താനും പല തവണ ഗവര്‍ണറെ കണ്ടു. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകില്ലെന്നും സമരം നിയമാനുസൃതമല്ല എന്ന് കാണിച്ച് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് കൊടുക്കേണ്ടതുണ്ടെന്നും പറഞ്ഞപ്പോള്‍ അത് നിരസിച്ച ഗവര്‍ണര്‍ വാക്കാല്‍ അവരെ മനസിലാക്കിപ്പിക്കാം എന്നേറ്റിരുന്നു. എന്നാല്‍ ആ വാഗ്ദാനവും ഗവര്‍ണര്‍ പാലിച്ചില്ല- കെജ്രിവാള്‍ പറഞ്ഞു.

RELATED STORIES

Share it
Top