സമയനിഷ്ഠ: ക്രോണോളജിക്കല്‍ പരിപാടിയുമായി കെഎസ്ആര്‍ടിസി

സുധീര്‍ കെ ചന്ദനത്തോപ്പ്
കൊല്ലം: ബസ്സുകളുടെ സമയനിഷ്ഠ ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസി ക്രോണോളജിക്കല്‍ പ്രോഗ്രാം ആരംഭിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി കഴിഞ്ഞ 16നാണ് ആരംഭിച്ചത്. 22ന് സമാപിക്കും. ഈ കാലയളവില്‍ ഓരോ ഡിപ്പോയിലൂടെയും ബസ്സുകള്‍ കടന്നുപോവുമ്പോള്‍ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം, യാത്രക്കാരുടെ എണ്ണം എന്നിവ രേഖപ്പെടുത്തും.
ചെക്കിങ് ഇന്‍സ്‌പെക്ടര്‍ക്കാണ് ഇതിന്റെ ചുമതല. കൊല്ലത്ത് നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ബസ് ചാത്തന്നൂര്‍, ആറ്റിങ്ങല്‍, കണിയാപുരം തുടങ്ങി എല്ലാ ഡിപ്പോകളിലും സമയം രേഖപ്പെടുത്തേണ്ടി വരും. ഈ ഒരാഴ്ച കൊണ്ട് രേഖപ്പെടുത്തുന്ന സമയം അനുസരിച്ച് ബസ്സിന്റെ ഔദ്യോഗിക സമയം ക്രമീകരിക്കാനാണ് കെഎസ്ആര്‍ടിസി ഉദ്ദേശിക്കുന്നത്. ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇങ്ങനെയാവുമ്പോള്‍ ഓരോ ഡിപ്പോയിലും ഏത് ബസ്, എപ്പോള്‍ എത്തുമെന്ന് യാത്രക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. കൂടാതെ, ഓരോ ബസ്സുകള്‍ക്കും സമയക്രമം ആവുമ്പോള്‍ കോണ്‍വേ പോലെ ബസ്സുകള്‍ സര്‍വീസ് നടത്തുന്നത് ഒഴിവാക്കാനും കഴിയുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. അധികജീവനക്കാരെ നിയോഗിക്കാതെ നടത്തുന്ന ക്രോണോളജിക്കല്‍ പരിപാടി പ്രായോഗികമല്ലെന്ന ആക്ഷേപം ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നു കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന ബസ് കടന്നുപോവുന്ന എല്ലാ ചെറുതും വലുതുമായ ഡിപ്പോകളില്‍ സമയം രേഖപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ ഇറങ്ങുന്നത് അധിക ജോലിഭാരമാവുന്നുണ്ട്.ഒരു ചെക്കിങ് ഇന്‍സ്‌പെക്ടറെയാണ് ഇവ രേഖപ്പെടുത്താനായി നിയോഗിച്ചിട്ടുള്ളത്.ബസ്സുകള്‍ ഒരേസമയം ഡിപ്പോയിലെത്തുമ്പോള്‍ സമയക്രമം രേഖപ്പെടുത്താന്‍ കാലതാമസം ഉണ്ടാവുന്നുണ്ടെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top