സമഗ്ര പച്ചക്കറി കൃഷി വികസനം; ജില്ലയ്ക്ക് 346 ലക്ഷം രൂപ അനുവദിച്ചു

കാസര്‍കോട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിവിധ ഘടകങ്ങളിലായി ജില്ലയ്ക്ക് 346 ലക്ഷം രൂപ അനുവദിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. “ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ നിന്നുതന്നെ ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം 3,60,000 വിത്ത് പായ്ക്കറ്റുകള്‍ സ്‌കൂള്‍ കുട്ടികള്‍കും കര്‍ഷകര്‍ക്കുമായി ജില്ലയില്‍ വിതരണം ചെയ്തു കഴിഞ്ഞു.   പച്ചക്കറി നടാന്‍ അനുയോജ്യമായ സ്ഥലമില്ലാത്ത നഗര പ്രദേശങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും കര്‍ഷകര്‍ക്ക് പച്ചക്കറി തൈകള്‍ നട്ടു പിടിപ്പിച്ച 25 ഗ്രോബാഗുകള്‍ അടങ്ങിയ 1000 യൂനിറ്റുകള്‍ ജില്ലയിലെ ഫാമുകളില്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യും.
2000 രൂപ വിലയുള്ള ഗ്രോബാഗ് യൂനിറ്റ് ഒന്നിന് 75 ശതമാനം സബ്‌സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്. വേനല്‍ക്കാലത്തും മഴക്കാലത്തും വിളകളെ സംരക്ഷിച്ച് പച്ചക്കറി കൃഷി ചെയ്യുന്നതിനായി രൂപകല്‍പന ചെയ്യതിട്ടുളള നൂതന രീതിയായ മഴമറ കൃഷിയിലൂടെ വര്‍ഷത്തിലുടനീളം പച്ചക്കറി കൃഷിചെയ്യുന്നതിനും  ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും കഴിയും. 100 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മഴമറയ്ക്ക് പരമാവധി 50000 രൂപ വരെയുള്ള ധനസഹായം നല്‍കും.
ജില്ലയില്‍ ഈ വര്‍ഷം ഇത്തരം 40 മഴമറ യൂനിറ്റുകള്‍ നിര്‍മിക്കുന്നതിന് 50000 രൂപ വീതം ധനസഹായം നല്‍കും.   അതാത് പഞ്ചായത്തുകളിലേക്കാവശ്യമായ പച്ചക്കറി തൈകള്‍ അവിടെ തന്നെ ഉല്‍പാദിപ്പിക്കുന്നതിനായി ചെറുകിട പച്ചക്കറി നഴ്‌സറികള്‍ അനുവദിക്കുന്നതിന് മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്.
സ്‌കൂളിലും മറ്റ് സ്ഥാപനങ്ങളിലും 10 സെന്റില്‍ കുറയാതെയുളള സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്നതിന് 5000 രൂപ അനുവദിക്കും. ഇതിന് പുറമെ  സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും25 സെ ന്റില്‍കുറയാതെയുള്ള  സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും  കൃഷി ചെയ്യുന്നതിനുമായി ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കും. വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജലസേചനം നടത്തുന്നതിന് പമ്പ് സെറ്റ് വാങ്ങുതിന് 50 ശതമാനം സബ്‌സിഡി പരമാവധി 10000 രൂപ അനുവദിക്കും.  ജില്ലയില്‍ 125 പമ്പ് സെറ്റ് വാങ്ങുന്നതിന് ഇത്തരത്തില്‍ സബ്‌സിഡി അനുവദിക്കും. രോഗ കീട നിയന്ത്രണത്തിന് ജൈവ കീടനാശിനികളും കുമിള്‍ നാശിനികളും തളിക്കുന്നതിനായി 125 സ്‌പ്രെയറുകള്‍ 1500 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.

RELATED STORIES

Share it
Top