സമഗ്ര നഗര വികസന പദ്ധതികളുമായി കോര്‍പറേഷന്‍ ബജറ്റ്

തൃശൂര്‍: റോഡ് ആധുനിക വല്‍കരണം അടക്കം സമഗ്ര നഗര വികസന പദ്ധതികളുമായി കോര്‍പറേഷന്‍ ബജറ്റ് ഡെപ്യൂട്ടി മേയര്‍ ബീന മുരളി അവതരിപ്പിച്ചു. കുടിവെള്ള പ്രശ്‌നപരിഹാരത്തിന് മുഴുവന്‍ വീട്ടുകാര്‍ക്കും വാട്ടര്‍ കണക്ഷന്‍, ജലവിതരണാവകാശം വാട്ടര്‍ അതോറിറ്റിയില്‍ നിന്നും തിരിച്ചുപിടിക്കല്‍, വഞ്ചിക്കുളത്തെ ദേശീയ ജലപാത, തോടുകളുടേയും കാനകളുടേയും കയ്യേറ്റം ഒഴിപ്പിക്കല്‍, പി—ഡബ്ല്യുഡി മാതൃകയില്‍ കാനകളുടെ നിര്‍മ്മാണം തുടങ്ങി നിരവധി പദ്ധതികളാണ് ബജറ്റ് വാഗ്ദാനം ചെയ്യുന്നത്.
തനത് ഫണ്ട്, ജനകീയാസൂത്രണ ഫണ്ട്, എം.—എല്‍.എ-എം.—പി.—ഫണ്ടുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍ സ്ഥാപനങ്ങളില്‍നിന്നും വായ്പകള്‍ എന്നിവ ഏകോപിപ്പിച്ച് അടുത്ത മൂന്ന് വര്‍ഷത്തിനകം നഗരറോഡുകള്‍ ആധുനിക വല്‍ക്കരിക്കുന്നതിന് സമയബന്ധിത റോഡ് വികസന പദ്ധതി തയ്യാറാക്കുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുന്നു. എ.—ഡി.ബി ഫണ്ടിലും പ്രത്യേക
സര്‍ക്കാര്‍ പാക്കേജിലും എം.—എല്‍.എ ഫണ്ടിലും നഗരത്തില്‍ കുറെ റോഡുകള്‍ മെക്കാഡം ടാറിങ്ങ് നടത്തി ആധുനികവല്‍ക്കരിച്ചിട്ടുണ്ടെങ്കിലും കോര്‍പ്പറേഷന്‍ ആദ്യമായാണ് റോഡുകള്‍ക്ക് ആധുനികവല്‍ക്കരണ പദ്ധതി പ്രഖ്യാപിക്കുന്നത്.ജല അതോറിറ്റിയില്‍നിന്നും ജലവിതരണപദ്ധതി ഏറ്റെടുക്കുന്നതോടൊപ്പം കുടിവെള്ള പ്രശ്‌നം പരിഹാരത്തിന് സമഗ്ര നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. അമൃതം പദ്ധതികള്‍ ഉള്‍പ്പടെ 138 കോടിയുടെ പദ്ധതി നിര്‍ദ്ദേശങ്ങളുണ്ട്. പൈപ്പ് ലൈന്‍ നീട്ടി മുഴുവന്‍ വീടുകള്‍ക്കും കണക്ഷന്‍ നല്‍കും.
അമൃതം പദ്ധതിയില്‍ പീച്ചിയില്‍ പുതിയ പ്ലാന്റ് സ്ഥാപിച്ച് 20 ദശലക്ഷം ലിറ്റര്‍ അധിക ജലം ലഭ്യമാക്കുമെന്നും ഇതോടെ കോര്‍പ്പറേഷന് പ്രദേശത്ത് സമൃദ്ധിയായി ജലവിതരണം സാധ്യമാക്കുമെന്നും ബജറ്റ് ചൂണ്ടികാട്ടുന്നു. വ്യാപകമായി സ്വാശ്രയ പദ്ധതികളും ഏറ്റെടുക്കും. മുഴുവന്‍ വീട്ടുകിണറുകള്‍ക്കും റീചാര്‍ജിങ്ങ് സംവിധാനമൊരുക്കിയും ജലസംഭരണികള്‍ സ്ഥാപിച്ചു. ജലസംരക്ഷണപദ്ധതിയൊരുക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സൗജന്യ വാട്ടര്‍ കണക്ഷന്‍ നല്‍കും. സ്‌പോട്ട് ബില്ലിങ്ങും നടപ്പാക്കും.
വഞ്ചിക്കുളത്തെ ദേശീയ ജലപാതയുമായി ബന്ധപ്പെടുത്തിയുള്ള വികസനത്തോടൊപ്പം ടൂറിസം വികസന പദ്ധതിയും നടപ്പാക്കും. ഇതിനായി 3 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ലാലൂരില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് സമുച്ചയത്തോടൊപ്പം നിലവിലുള്ള കോര്‍പ്പറേഷന്‍ സ്റ്റേഡിയം നവീകരിച്ച് മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയമായി വികസിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. നിലവിലുള്ള എല്ലാ കളിസ്ഥലങ്ങളും സംരക്ഷിച്ച് വികസിപ്പിക്കും.
പരിസ്ഥിതി സംരക്ഷണത്തിന് ഹരിത ക്ലബ്ബുകള്‍ തുടങ്ങും. പാര്‍ക്കില്‍ നേഴ്‌സറിയൊരുക്കി വൃക്ഷതൈകള്‍ ഉല്‍പ്പാദിപ്പിച്ച് ലഭ്യമായ സ്ഥലങ്ങളില്‍ നടുന്നതിന് പദ്ധതി നടപ്പാക്കും.ജനസേവനങ്ങള്‍ മെച്ചപ്പെടുത്താനും സുതാര്യമാക്കാനും അഴിമതി ഇല്ലാതാക്കാനും സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ വല്‍ക്കരണം ഈ വര്‍ഷം തന്നെ നടപ്പാക്കും.
ജനങ്ങള്‍ക്ക് ഇടപെടാന്‍ വെബ് അധികൃഷ്ടിത സംവിധാനമൊരുക്കും. പാട്ടുരായ്ക്കല്‍, കൊക്കാല, ഒല്ലൂര്‍, ലാലൂര്‍, പടിഞ്ഞാറെകോട്ട, കിഴക്കേകോട്ട, മനോരമ, വെളിയന്നൂര്‍, അശ്വിനി, ചെമ്പൂക്കാവ്, ഒളരിക്കര എന്നീ 11 ജംഗ്ഷനുകള്‍ വികസിപ്പിക്കും. പൂങ്കുന്നം, മനോരമ ജംഗ്ഷന്‍, ഫാത്തിമനഗര്‍, അശ്വിനി, വിയ്യൂര്‍ എന്നിവിടങ്ങളില്‍ ഫ്‌ളൈ ഓവറുകള്‍ പണിയും.
ജൂബിലിമിഷന്‍, മദര്‍ ഹോസ്പിറ്റല്‍, മെട്രോ ഹോസ്പിറ്റല്‍, ശക്തന്‍സ്റ്റാന്റ്, വടക്കേസ്റ്റാന്റ്, സെന്താമാസ് കോളേജ്, റെയില്‍വേ പരിസരം എന്നിവിടങ്ങളില്‍ സബ്‌വേ, ഫുട് ഓവര്‍ ബ്രിഡ്ജ് എന്നിവ നിര്‍മ്മിക്കും. ഇവിടെ മുതിര്‍ന്ന പൗരന്മാര്‍ക്കായി ലിഫ്റ്റും, എസ്‌ക്കലേറ്റും സ്ഥാപിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. സൗകര്യമായിടത്തു മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങ് സൗകര്യമൊരുക്കും. ഷോപ്പിങ്ങ് കോംപ്ലക്‌സുകള്‍ക്ക് 15 കോടിയും വകയിരുത്തി. ഇ.—എം.—എസ് ഓപ്പണ്‍ എയര്‍ തിയ്യറ്ററിന് 50 ലക്ഷം വകയിരുത്തി, ശക്തന്‍ നഗറിന്നായി പുതിയ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. കോര്‍പ്പറേഷന്‍ ഓഫിസ് ശക്തനിലേക്ക് മാറ്റും.വിവിധ ഭവനനിര്‍മ്മാണ പദ്ധതികള്‍ക്കും ബജറ്റ് മുന്‍തൂക്കം നല്‍കുന്നു. അമ്മമാര്‍ക്ക് ഫീഡിങ്ങ് കേന്ദ്രങ്ങള്‍ ഇറക്കാന്‍ 25 ലക്ഷം വകയിരുത്തി.725.4 കോടി വരവും, 700.59 കോടി ചിലവും 24.8 കോടി നീക്കിയിപ്പുമുള്ളതാണ് 2018-19 ബജറ്റ്. കഴിഞ്ഞ വര്‍ഷത്തെ യഥാര്‍ത്ഥ വരവ് 269.6 കോടിയും ചിലവ്. 209 കോടിയും നീക്കിയിരിപ്പ് 60.48 കോടിയുമായിരുന്നു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായിരുന്നു. ബജറ്റ് ചര്‍ച്ച നളെ നടക്കും.

RELATED STORIES

Share it
Top