സമഗ്രാന്വേഷണത്തിന് ഉന്നതതലസംഘത്തെ നിയോഗിക്കണം: യുഡിഎഫ്

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കുറിച്ചുള്ള സമഗ്ര അന്വേഷണത്തിന് ഉന്നതതലസംഘത്തെ നിയോഗിക്കണമെന്ന് യുഡിഎഫ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക തീര്‍ത്തും അപര്യാപ്തമാണ്. ഉപാധികളില്ലാതെ സ്ഥലവും വീടും നല്‍കി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍ ആവശ്യപ്പെട്ടു. ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചു. ദുരന്തസ്ഥലം സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ദുരിതാശ്വാസ കേന്ദ്രങ്ങളാക്കിയ സ്‌കൂളുകളില്‍ നിന്ന്  താ ല്‍ക്കാലിക ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച്  ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാ ര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം വീതം സാമ്പത്തിക സഹായവും കൃഷി ഭൂമിയും വീടും നിര്‍മിച്ചു നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തിനു യുഡിഎഫ് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.  അനധികൃത തടയണ നിര്‍മിക്കാന്‍ ഒത്താശ നല്‍കിയ  ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കു ദുരന്തത്തില്‍ പങ്കുണ്ട്.
ജനപ്രതിനിധികളോട് ആലോചന പോലും നടത്താതെ തടയണനിര്‍മിക്കുന്ന പ്രദേശത്തേക്ക് റോഡിന് 15 ലക്ഷം അനുവദിച്ച സ്ഥലം എംഎല്‍എയുടെ  നീക്കങ്ങള്‍ സംശയാസ്പദമാണ്. പരിസ്ഥിതി ആഘാതം നേരിട്ട വിവിധ വാര്‍ഡുകളിലെ കുടുംബങ്ങള്‍ വീടുകളിലേക്ക് തിരിച്ചു പോവാനാവാതെ ഭീതിയിലാണ്. ഇവരുടെ പുനരധിവാസം കൂടി ഉള്‍പ്പെടുത്തി കട്ടിപ്പാറ പഞ്ചായത്തിലേക്ക് പ്രത്യേകപാക്കേജ് പ്രഖ്യാപിക്കണമെന്നും  വൈദ്യുതിയും കുടുവെള്ളവും പൂര്‍മായും പുനസ്ഥാപിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എം എ റസാഖ് മാസ്റ്റര്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍പാണ്ടികശാല, കെ കെ നാരായണന്‍ (കേരളാ കോണ്‍ഗ്രസ് എം), സി വീരാന്‍കുട്ടി (കേരള കോണ്‍ഗ്രസ് ജെ ) ബാബു (ആര്‍എസ്പി) സംബന്ധിച്ചു.

RELATED STORIES

Share it
Top