സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി: കേന്ദ്രവിഹിതം വെട്ടിക്കുറച്ചു; ബിജെപിയുടെ രാഷ്ട്രീയ പകപോക്കല്‍ കുരുന്നുകളോടും

എച്ച്  സുധീര്‍
പത്തനംതിട്ട: വികസന പദ്ധതികളില്‍ സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ ഇത്തവണ രാഷ്ട്രീയ പകപോക്കലിന്റെ ഇരകളായതു കുട്ടികളാണ്. സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിക്കായി കേരളത്തിനു നല്‍കേണ്ട കേന്ദ്രവിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചാണു ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പകപോക്കല്‍ തുടരുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിനു കോടി അനുവദിച്ചപ്പോള്‍ കേരളത്തിന് തുച്ഛമായ തുകയാണു ലഭിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രത്തിന്റെ ഇന്‍ഡിക്കേറ്റീവ് ബജറ്റില്‍ കേരളത്തിനു വകയിരുത്തിയ 413 കോടി 206 കോടിയായി വെട്ടിച്ചുരുക്കി. ബജറ്റിലെ നീക്കിയിരിപ്പു തന്നെ പരിമിതമായിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണു തുക നേര്‍ പകുതിയായി വെട്ടിക്കുറച്ചത്.
സൗജന്യ പുസ്തകം, യൂനിഫോം, പെണ്‍കുട്ടികള്‍ക്ക് ആയോധന വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, അധ്യാപക പരിശീലനം തുടങ്ങി 38 ഇനങ്ങ ള്‍ക്കായി 1941.10 കോടിയുടെ പദ്ധതികളാണു സംസ്ഥാനം ആവിഷ്‌കരിച്ചത്. ഈ പദ്ധതികളെല്ലാം തഴഞ്ഞുകൊണ്ടാണു കേരളത്തിനു 413 കോടി രൂപ വകയിരുത്തിയത്. എന്നാല്‍, ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍ക്കു വന്‍ തുക അനുവദിക്കുകയും ചെയ്തു. ഇന്‍ഡിക്കേറ്റീവ് ബജറ്റില്‍ കാര്യമായ മാറ്റംവരുത്താതെ ഉത്തര്‍പ്രദേശിന് 4773.10 കോടിയും രാജസ്ഥാന് 2717.18 കോടിയും മധ്യപ്രദേശിന് 2406.60 കോടിയും തമിഴ്‌നാടിന് 1422 കോടിയും അനുവദിച്ചപ്പോള്‍ കേരളത്തെയും കര്‍ണാടകത്തെയും പൂര്‍ണമായും തഴഞ്ഞു.
സിപിഎമ്മിനെ പുറത്താക്കി ബിജെപി പുതുതായി ഭരണത്തിലെത്തിയ ത്രിപുരയ്ക്കും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഫണ്ടില്‍ വന്‍ വര്‍ധന വരുത്തി. സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ കേന്ദ്ര, സംസ്ഥാന സംയുക്ത ഇടപെടലിനുള്ള ഏജന്‍സികളെ ഏകോപിപ്പിച്ചാണു സമഗ്രശിക്ഷാ അഭിയാന്‍ രൂപീകരിച്ചത്. ഇതുപ്രകാരം സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്എ) പദ്ധതികളെ പ്രൈമറി എജ്യൂക്കേഷന്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ഓഫ് കേരള എന്ന പേരില്‍ സംയോജിപ്പിച്ചിരുന്നു.
ഇതുവരെ എട്ടാം ക്ലാസ് വരെയുള്ള കാര്യങ്ങള്‍ എസ്എസ്എയും ഒമ്പതു മുതല്‍ 12 വരെയുള്ള കാര്യങ്ങള്‍ ആര്‍എംഎസ്എയുമാണു നോക്കിയിരുന്നത്. പുതിയ തീരുമാനപ്രകാരം ഒന്നു മുതല്‍ 12 വരെയുള്ള ചുമതല സമഗ്രശിക്ഷാ അഭിയാനാണ്. അഞ്ചു വര്‍ഷം മുമ്പ് സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ) പദ്ധതിക്കു മാത്രമായി 230 കോടിയിലേറെയാണു വാര്‍ഷിക ഫണ്ട് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ സമഗ്രശിക്ഷാ അഭിയാനായി നടപ്പാക്കാ ന്‍ തീരുമാനിച്ചപ്പോള്‍ വിഹിതം 183.09 കോടിയായി വെട്ടിക്കുറച്ചിരുന്നു. ഇതിനെതിരേ നിരവധി കോണുകളില്‍ നിന്നു വിമര്‍ശനം ഉയര്‍ന്നിട്ടും അതേ സമീപനമാണു കേന്ദ്രം ഇപ്പോഴും തുടരുന്നത്. വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനുമാണു സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി. എന്നാല്‍, ഫണ്ടിന്റെ അപര്യാപ്തത സംസ്ഥാനത്തെ വിദ്യാലയങ്ങളെയും കുട്ടികളെയും ഏറെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിക്കുന്ന ഇന്ദ്രജാല വിസ്മയങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന സമയത്താണു കേന്ദ്രത്തിന്റെ ഈ ഇരുട്ടടിയെന്നു ധനമന്ത്രി ടി എം തോമസ് ഐസക് പ്രതികരിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ പ്രതിബദ്ധതയോടുള്ള ബിജെപിയുടെ പകപോക്കല്‍ സമീപനത്തിന് ഇപ്പോള്‍ കുഞ്ഞുങ്ങളും ഇരയാവുകയാണ്. കുട്ടികളില്‍ പോലും രാഷ്ട്രീയഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയിലാണു നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും. പരാക്രമം കുഞ്ഞുങ്ങളോടല്ല വേണ്ടതെന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു.

RELATED STORIES

Share it
Top