സഭാ സ്തംഭനം: എംപിമാര്‍ക്കുള്ള ഉപരാഷ്ട്രപതിയുടെ വിരുന്നു സല്‍ക്കാരം റദ്ദാക്കി

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച്് ഭരണ, പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നതിനാല്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്നലെ നടത്തേണ്ട വിരുന്നു സല്‍ക്കാരം റദ്ദാക്കി. രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് മുതല്‍ എംപിമാരെ വരെ ക്ഷണിച്ച വിരുന്നാണ് സഭാനടപടികള്‍ തുടര്‍ച്ചയായി മുടങ്ങുന്നതിനെ തുടര്‍ന്നു റദ്ദാക്കിയത്.
ആന്ധ്രപ്രദേശില്‍ നിന്ന് പ്രമുഖരായ പാചകക്കാരെ വരെ ഡല്‍ഹിയില്‍ എത്തിച്ച് അത്താഴ വിരുന്നിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തില്‍ അത്താഴവിരുന്നു സംഘടിപ്പിക്കുന്നതു ശരിയല്ലെന്നതിനാലാണു വിരുന്നു റദ്ദാക്കിയതെന്നാണു റിപോര്‍ട്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കേണ്ട സിറ്റിങ് എംപിമാരും മുന്‍ എംപിമാരും തമ്മിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനും അദ്ദേഹം വിസമ്മതിച്ചിരുന്നു.  അതേസമയം തുടര്‍ച്ചയായ 13ാം ദിവസമായ ഇന്നലെയും പാര്‍ലമെന്റിന്റെ ഇരുസഭകളും നടപടികള്‍ ഒന്നും നടക്കാതെ പിരിഞ്ഞു.
എന്നാല്‍ 50 എംപിമാര്‍ ഒപ്പുവച്ച് കത്തു നല്‍കിയിട്ടും സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ തയ്യാറാവാത്ത സ്പീക്കര്‍ സുമിത്രാ മഹാജന്റെ നടപടി രാഷ്ട്രീയമായ ആത്മഹത്യയാണെന്നു തെലുഗുദേശം പാര്‍ട്ടി (ടിഡിപി) ആരോപിച്ചു.
എഐഎഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി നടപടികള്‍ തടസ്സപ്പെടുത്തുന്നതിനാല്‍ പ്രമേയം പരിഗണിക്കാത്തതിനെയും ടിഡിപിയുടെ മുതിര്‍ന്ന നേതാവ് വൈ രാമകൃഷ്ണുഡു ശക്തമായ ഭാഷയിലാണു പ്രതികരിച്ചത്.

RELATED STORIES

Share it
Top