സഭാ തര്‍ക്കത്തിനിടയില്‍ വധശ്രമം: പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം

പത്തനംതിട്ട: ക്‌നാനായ സഭയ്ക്കുള്ളിലെ തര്‍ക്കത്തെ തുടര്‍ന്ന് വധശ്രമത്തിന് ഇരയായ വ്യക്്തിയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന് ആക്ഷേപം. സഭാ മാനേജിങ് കമ്മിറ്റിയംഗം ബിനു കുരുവിള കല്ലേമണ്ണില്‍(42) ന്റെ ഭാര്യ സോണിയ അടക്കം ഒരു വിഭാഗം വാര്‍ത്താ സമ്മേളനം നടത്തിയത്. കഴിഞ്ഞ ഏപ്രില്‍ ഏഴിനുണ്ടായ സംഭവത്തില്‍ തലയ്ക്കും വിവിധ അവയവങ്ങള്‍ക്കും മാരകമായി പരിക്കേറ്റ ബിനു തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അദ്ദേഹത്തിന് നടക്കാന്‍ തന്നെ മാസങ്ങള്‍ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അക്രമം കണ്ട ഗര്‍ഭിണിയായ ഭാര്യ സോണിയ, രണ്ടും നാലും വയസുള്ള മക്കള്‍, 80 വയസുള്ള അമ്മ എന്നിവര്‍ മനോനില വീണ്ടെടുക്കാന്‍ ഏറെ പ്രയാസത്തിലാണ്. അക്രമത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ സോണിയയ്ക്ക് ഇന്റര്‍ നെറ്റ് കോള്‍ വഴി ഭീഷണി സന്ദേശം എത്തിയിരുന്നുവെന്ന് അവര്‍ പറയുന്നു. ബിനുവിന്റെ അനുഭവമാണ് ഉണ്ടാവുക എന്നായിരുന്നു ഭീഷണി. ബിനുവിനൊപ്പം ആശുപത്രിയില്‍ നില്‍ക്കുന്ന ആള്‍ക്കും മൊബൈലില്‍ ഭീഷണി എത്തിയിരുന്നു.
ക്‌നാനായ കോണ്‍ഗ്രസില്‍ മല്‍സരാര്‍ഥിയായിരുന്നു ബിനുവെന്ന് സോണിയ പറഞ്ഞു. തിരഞ്ഞെടുപ്പിന് തലേ രാത്രിയാണ് മുഖംമൂടി സംഘം വടിവാളും കമ്പികളുമായി അക്രമം നടത്തിയത്. ബിനുവിന് എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി വന്നിരുന്നതായി ബിനുവിന്റെ ഇടവകയായ തിരുവല്ല പടിഞ്ഞാറോതറ ക്‌നാനായ പള്ളി വികാരി ഫാ. തോമസ് ഏബ്രഹാം പറഞ്ഞു.
സൈബര്‍ സെല്ലില്‍ പരാതിയും നല്‍കിയിരുന്നു.സഭാഭരണഘടനാ ഭേദഗതി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മെത്രാന്‍മാര്‍ക്ക് അധിക അധികാരം നല്‍കുന്നതിനെ ബിനു എതിര്‍ത്തിരുന്നു. എന്നാല്‍ അക്രമത്തിന് പിന്നില്‍ സഭയ്ക്കുള്ളിലെ തര്‍ക്കമാണെന്ന് തിരുവല്ല എസ്.ഐ. വിനോദ് കുമാര്‍ അറിയിച്ചു.
വിദേശത്ത് നിന്ന് ഗൂഡാലോചന നടത്തിയാണ് ആക്രമണം നടപ്പാക്കിയതെന്ന് സൂചനയുണ്ടെന്നും  സൈബര്‍ സെല്‍ വഴിയും അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top