സഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്

തിരുവനന്തപുരം: വടകരയിലെ അക്രമങ്ങള്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയ മുസ്്‌ലിംലീഗിലെ പാറയ്ക്കല്‍ അബ്ദുല്ല സംസാരിക്കവേ വടകര എംഎല്‍എ സി കെ നാണുവിന് ഇടപെട്ടു സംസാരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയതു പ്രതിപക്ഷ ബഹളത്തിനിടയാക്കി.  സ്പീക്കറുമായി പ്രതിപക്ഷാംഗങ്ങള്‍ ഏറെനേരെ വാഗ്വാദം നടക്കുകയും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.
തുടര്‍ന്നു സ്പീക്കര്‍ സഭാ നടപടികള്‍ ഒരു തവണ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സിപിഎം അല്ലാത്തവര്‍ക്കു വടകരയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമില്ലെന്നു പാറയ്ക്കല്‍ അബ്ദുല്ല ആരോപിച്ചു. ആര്‍എംപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വേട്ടയാടുകയാണ്. അവരുടെ വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നു. സിപിഎമ്മുകാര്‍ക്കു വേണ്ട എല്ലാ സഹായങ്ങളും പോലിസ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
ആര്‍എംപിയില്‍ നിന്നു ചിലര്‍ കുടുംബത്തോടൊപ്പം സിപിഎമ്മിലേക്കു വന്നതാണു സംഘര്‍ഷങ്ങള്‍ക്കു കാരണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇപ്പോള്‍ ഒരിടത്തും അക്രമങ്ങള്‍ ഇല്ല. ഇതുവരെ 20 കേസുകള്‍ എടുത്തിട്ടുണ്ട്. ആര്‍എംപി ഒഞ്ചിയം കമ്മിറ്റി ഓഫിസില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തിലാണ് 14 ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്്. പ്രദേശത്തു സമാധാനം നിലനില്‍ക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ആര്‍എംപിയെ സ്‌പോണ്‍സര്‍ ചെയ്തു വളര്‍ത്തിയ പാറയ്ക്കല്‍ അബ്ദുല്ലയെ പോലുള്ള ആളുകള്‍ക്ക് അതില്‍ നിരാശയുണ്ട്. അതിനാലാണു മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഇപ്പോള്‍ സഭയില്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മരണശേഷവും ടിപിയോടുള്ള പ്രതികാരം സിപിഎമ്മിന് തീര്‍ന്നിട്ടില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മാസം മുമ്പു നടന്ന അക്രമസംഭവങ്ങളില പ്രതികള്‍ക്കെതിരേ ഇതുവരെ കേസെടുത്തിട്ടില്ല. എന്നാല്‍ ഇരകള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഒഞ്ചിയത്തു സിപിഎം അല്ലാത്തവര്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നെത്തുന്ന സിപിഎമ്മുകാരാണ് അക്രമങ്ങള്‍ നടത്തുന്നത്. ആര്‍എംപി നേതാവ് വേണുവുള്‍പ്പെടയുള്ളവരെ അക്രമികളില്‍ നിന്നു സംരക്ഷിക്കാനെന്ന പേരില്‍ ഓഫിസില്‍ നിന്നു കൂട്ടിക്കൊണ്ടു പോയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ആയുധങ്ങള്‍ സൂക്ഷിച്ചുവെന്നതു കള്ളക്കേസാണെന്നും അദ്ദേഹം പറഞ്ഞു. സഭയിലുണ്ടായ തര്‍ക്കങ്ങള്‍ ദൗര്‍ഭാഗ്യകരവും ആശങ്കാജനകവുമാണെന്നു സ്പീക്കര്‍ പറഞ്ഞു.
അടിയന്തര പ്രമേയങ്ങളില്‍ സ്വന്തം മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് ഇടപെടാന്‍ അവസരം നല്‍കുന്നത് കീഴ്‌വഴക്കമാണ്.അതു ജനാധിപത്യ മര്യാദയാണ്. സി കെ നാണുവിന് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വിഷയങ്ങള്‍ സംസാരിക്കാന്‍ അവകാശമുള്ളതിനാലാണ് അനുവദിച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷ വാദഗതി ദുര്‍ബലപ്പെടുത്താനായി ഭരണപക്ഷത്തെ ചില അംഗങ്ങള്‍ ബോധപൂര്‍വം ഇടപെടാറുള്ളത് സാധാരണമായി മാറുന്നതിനാലാണു പ്രതിഷേധിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

RELATED STORIES

Share it
Top