സഭയില്‍ പങ്കെടുക്കുന്നത് പ്രമുഖര്‍; അന്തിമ പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: ഇന്നു മുതല്‍ കേരള നിയമസഭാമന്ദിരത്തില്‍ ആരംഭിക്കുന്ന ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തുന്നത് വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രമുഖരായ മലയാളികള്‍. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍, കെ ജെ യേശുദാസ്, കെ എം ചെറിയാ ന്‍, എം എസ് സ്വാമിനാഥന്‍, എം എസ് വല്യത്താന്‍, നിലമ്പൂര്‍ ആയിഷ, ടി ജെ എസ് ജോര്‍ജ്, എ ഗോപാലകൃഷ്ണന്‍, എ വി അനൂപ്, അജിത് ബാലകൃഷ്ണന്‍, ആസാദ് മൂപ്പന്‍, ബി ജയമോഹന്‍, ബോസ് കൃഷ്ണമാചാരി, ഗോകുലം ഗോപാലന്‍, കെ സച്ചിദാനന്ദന്‍, കെ വി ഭഗീരഥ്, ക്രിസ് ഗോപാലകൃഷ്ണന്‍, എം എ യൂസഫലി, എം അനിരുദ്ധന്‍, എം ജി ശാര്‍ങ്ഗധരന്‍, എം മുകുന്ദന്‍, എം പി രാമചന്ദ്രന്‍, പി എന്‍ സി മേനോന്‍, രവി പിള്ള, റസൂല്‍ പൂക്കുട്ടി പങ്കെടുക്കും.
കേരള സഭയിലേക്കുള്ള പ്രതിനിധികളുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. 141 നിയമസഭാംഗങ്ങളും 33 പാര്‍ലമെന്റ് അംഗങ്ങളും 99 വിദേശ മലയാളികളും 42 ഇന്ത്യയ്ക്കു പുറത്തുള്ള മലയാളികളും പ്രമുഖരായ 30 വ്യവസായികളും തിരിച്ചെത്തിയ ആറു  പ്രവാസി മലയാളികളും ഉള്‍െപ്പടെ 351 പേര്‍ അടങ്ങുന്നതാണ് ലോക കേരളസഭ.
പ്രവാസികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രഥമ ലോക കേരളസഭയില്‍ എഴുത്തുകാരന്‍ ബെന്യാമിനും ആടുജീവിതത്തിലെ നായകന്‍ നജീബും പങ്കെടുക്കുന്നുണ്ട്. നാളെ രാവിലെ 11 ന് യൂനിവേഴ്‌സിറ്റി കോളജ് അങ്കണത്തില്‍ നടക്കുന്ന ശാസ്ത്രജ്ഞര്‍ക്കൊപ്പം എന്ന ഓപണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തുന്നത് അന്താരാഷ്ട്ര പ്രശസ്തരായ ഏഴു ശാസ്ത്രജ്ഞരാണ്. ഡോ. എം എസ് സ്വാമിനാഥന്‍, പ്രഫ. എ ഗോപാലകൃഷ്ണന്‍, പ്രഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രഫ. എ എം മത്തായി, പ്രഫ. പ്രദീപ് തലാപ്പില്‍, പ്രഫ. സത്യഭാമാദാസ് ബിജു, പ്രഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നിവരാണെത്തുന്നത്. ലോക കേരളസഭാ സമ്മേളനത്തിന്റെ ഭാഗമായി 11 വേദികളില്‍ കലാവിരുന്ന് അരങ്ങേറും. നിയമസഭാ കവാടത്തില്‍ ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്ന സ്മൃതിശില്‍പം ഒരുങ്ങി.

RELATED STORIES

Share it
Top