സഭയിലെ പീഡനം: മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ രണ്ട് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. ഒന്നാം പ്രതിയായ ഓര്‍ത്തഡോക്‌സ് വൈദികന്‍ ഫാദര്‍ സോണി വര്‍ഗീസ്, മൂന്നാംപ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് സുപ്രിംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പോലിസ് അറസ്റ്റ് നടപടിയുമായി മൂന്നോട്ടുപോവുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യഹരജി എത്രയും വേഗം പരിഗണിക്കണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കണമെന്നും മുന്‍കൂര്‍ ജാമ്യഹരജിയില്‍ ആവശ്യപ്പെടുന്നു. യുവതിയെ വൈദികര്‍ ഇരയായ മൃഗത്തെ പ്പോലെ വേട്ടയാടിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതടക്കമുള്ള പരാമര്‍ശങ്ങളാണ് നീക്കാന്‍ ആവശ്യപ്പെടുന്നത്. എബ്രഹാം വര്‍ഗീസ് കഴിഞ്ഞ ശനിയാഴ്ചയും ജെയ്‌സ് കെ ജോര്‍ജ് ഇന്നലെയുമാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇരുഹരജികളും ഒരുമിച്ചു പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. നേരത്തേ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ രണ്ടാംപ്രതി ഫാദര്‍ ജോബ് മാത്യു, നാലാംപ്രതി ജോണ്‍സണ്‍ വി മാത്യു എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്തതെന്നുമാണ് വൈദികര്‍ ഹരജിയില്‍ പറയുന്നത്. തനിക്കെതിരേ വീട്ടമ്മ ബലാല്‍സംഗ ആരോപണം മുമ്പ് ഉന്നയിച്ചിട്ടില്ലെന്ന് സോണി വര്‍ഗീസ് അവകാശപ്പെടുന്നു. 1998 മുതലുള്ള സംഭവങ്ങളാണ് കേസിന് ആസ്പദമായി പറയുന്നതെന്നാണ് അഭിഭാഷകനായ കാര്‍ത്തിക് അശോക് മുഖാന്തരം സമര്‍പ്പിച്ച ഹരജിയില്‍ സോണി വര്‍ഗീസ് വാദിക്കുന്നത്.

RELATED STORIES

Share it
Top