സബ് രജിസ്ട്രാര്‍ ഓഫിസിന്റെ സ്ഥലം അളന്ന് വേലികെട്ടി

ആലത്തൂര്‍: കുഴല്‍മന്ദം സബ് രജിസ്ട്രാര്‍ ഓഫിസിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി വേലി കെട്ടി. റവന്യു, സര്‍വ്വേ, രജിസ്‌ട്രേഷന്‍, പൊതുമരാമത്ത്, പഞ്ചായത്ത് വകുപ്പുകള്‍ സംയുക്ത സ്ഥലപരിശോധന നടത്തിയ ശേഷമാണിത്. ഒമ്പതുവര്‍ഷം മുമ്പ് ദേശീയ പാത വികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പൊളിച്ചു നീക്കി. ഇപ്പോള്‍ ചിതലിയില്‍ വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സബ് രജിസ്ട്രാര്‍ ഓഫീസിന്റെ 17 സെന്റ് സ്ഥലത്തില്‍ 12.75 സെ ന്റ് അവശേഷിച്ചിരുന്നു. ഒരു വശത്ത് ദേശീയപാതയും മറുവശത്ത് സ്വകാര്യ വ്യാപാര സമുച്ചയവും വന്നതോടെ ഇവിടെ കെട്ടിടം പണിയുന്നതിന് ആവശ്യമായ സ്ഥലം ഉണ്ടോയെന്ന സംശയവും സ്ഥലം അന്യാധീനപ്പെട്ടുവെന്ന ആരോപണവും ഉയര്‍ന്നു. ചില രാഷ്ട്രീയ സംഘടനകള്‍ സ്ഥലത്ത് കൊടിനാട്ടി സമരവും നടത്തി. പൊതുപ്രവര്‍ത്തകനായ എസ് അരുണ്‍കുമാര്‍ വകുപ്പ് മന്ത്രിക്കും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കി.പൊതുമരാമത്ത്, റവന്യു, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ഇവിടെ കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയും ചെയ്തു. കുഴന്‍മന്ദം ഗ്രാമപ്പഞ്ചായത്തോഫിസില്‍ കെട്ടിടം നിര്‍മിക്കുന്നതിനുള്ള അനുമതിക്കായി ജില്ലാ രജിസ്ട്രാര്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് സംയുക്തപരിശോധന നടത്തി സ്ഥലം അളന്ന് വേലി കെട്ടിത്തിരിച്ചത്.

RELATED STORIES

Share it
Top