സബ്‌റ-ശത്തീല

1982ല്‍ ലബ്‌നാനിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാംപുകളായ സബ്‌റയിലും ശത്തീലയിലും മറോണി ക്രൈസ്തവരായ സായുധര്‍ നടത്തിയ കൂട്ടക്കൊല ലോകത്തെ നടുക്കിയ ഒരു ദുരന്തമായിരുന്നു. ആ മഹാപാതകത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു അന്ന് ലബ്‌നാന്‍ ആക്രമിച്ച ഇസ്രായേലിന്റെ വാദമെങ്കിലും എതിര്‍തെളിവുകള്‍ ധാരാളം പുറത്തുവന്നതോടെ ഒരു അന്വേഷണ കമ്മീഷനെ നിശ്ചയിക്കാന്‍ സയണിസ്റ്റ് ഭരണകൂടം നിര്‍ബന്ധിതമായി. കമ്മീഷന്‍ തയ്യാറാക്കിയ റിപോര്‍ട്ടിലെ രഹസ്യമാക്കിവച്ചിരിക്കുന്ന വിവരങ്ങള്‍ ഈയിടെ പുറത്തുവന്നു.
82 സപ്തംബര്‍ 17ന് കൂട്ടക്കൊല നടക്കുമ്പോള്‍ തന്നെ ഇസ്രായേലി പ്രതിരോധമന്ത്രി ഏരിയാല്‍ ഷാരോണും യുഎസ് നയതന്ത്രപ്രതിനിധി മോറിസ് ഡ്രേപറും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. വേണമെങ്കില്‍ ഫലാഞ്ചിസ്റ്റുകള്‍ എന്നറിയപ്പെടുന്ന സായുധസംഘത്തെ അവര്‍ക്കു തടയാമായിരുന്നു. എന്നാല്‍, ഫലസ്തീന്‍ ഭീകരരെക്കുറിച്ച ഷാരോണിന്റെ ആക്രോശം മൂലം ഡ്രേപര്‍ അനങ്ങിയില്ല. പശ്ചിമേഷ്യയില്‍ വലിയ കുഴപ്പങ്ങളുണ്ടാക്കാന്‍ ഇസ്രായേലും ഫലാഞ്ചിസ്റ്റുകളും കൈകോര്‍ത്തുപിടിച്ച വിവരങ്ങളും അന്വേഷണ കമ്മീഷന്‍ രേഖപ്പെടുത്തുന്നുണ്ട്. ബെയ്‌റൂത്തില്‍ നിന്നു ഫലസ്തീന്‍കാരെ പൂര്‍ണമായി ആട്ടിയോടിക്കുകയായിരുന്നു ലക്ഷ്യം. അതില്‍ ഏതാണ്ടവര്‍ വിജയിച്ചുവെങ്കിലും ലബ്‌നാനില്‍ ഹിസ്ബുല്ലയുടെ ഉദയം ഇസ്രായേലിനു പിന്നീട് വലിയ ഭീഷണിയായി മാറി.

RELATED STORIES

Share it
Top