സബര്‍മതി ട്രെയിന്‍ സ്‌ഫോടനം : നാലംഗ സമിതിയെ നിയോഗിച്ചുന്യൂഡല്‍ഹി: സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനക്കേസിന്റെ വിചാരണ ഇഴഞ്ഞു നീങ്ങുന്നതിനെതിരേ കഴിഞ്ഞ മാസം സുപ്രിംകോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ, കേസിന്റെ വിചാരണ നിരീക്ഷിക്കാന്‍ യുപിയിലെ ബാരബങ്കി ജില്ലാ ഭരണകൂടം നാലംഗ സമിതിയെ നിയോഗിച്ചു. പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട നാലംഗ സമിതിയായിരിക്കും വിചാരണ നിരീക്ഷിക്കുക. പ്രോസിക്യൂഷന്‍ (ബാരബങ്കി), ജോയിന്റ് ഡയറക്ടര്‍ ആര്‍ കെ ഉപാധ്യായ, ജില്ലാ ഗവണ്‍മെന്റ് കോണ്‍സല്‍ (ഡിജിസി) എ വി സിങ്, എഡിജിസിമാരായ മതുര പ്രസാദ് വര്‍മ, അമര്‍ സിങ് യാദവ് എന്നിവരാണ് സമിതി അംഗങ്ങള്‍. സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരം വിചാരണ നിരീക്ഷിക്കാന്‍ സമിതി രൂപീകരിച്ചതായി ബാരബങ്കി ജില്ലാ മജിസ്‌ട്രേറ്റ് അഖിലേഷ് തിവാരി സ്ഥിരീകരിച്ചു.   2000 ആഗസ്ത് 14ന് രാത്രി ബാരബങ്കി സ്റ്റേഷനില്‍ വച്ചാണ് സബര്‍മതി എക്‌സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ സ്‌ഫോടനം നടന്നത്. ഇതു സംബന്ധിച്ച കേസിന്റെ വിചാരണ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി കോടതിയില്‍ നടന്നു വരികയാണ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കഴിഞ്ഞ 16 വര്‍ഷമായി ജാമ്യം പോലും ലഭിക്കാതെ ജയിലിലടയ്ക്കപ്പെട്ട കശ്മീര്‍ യുവാവ് ഗുല്‍സാര്‍ അഹമ്മദ് വാനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, ഒക്ടോബര്‍ 31ന് മുമ്പ് കേസിലെ മുഴുവന്‍ സാക്ഷികളുടേയും വിസ്താരം  പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ സമയ പരിധിക്കുള്ളില്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നവംബര്‍ ഒന്നിന് ഗുല്‍സാറിന് ജാമ്യം നല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. 2001ലാണ് അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന 28കാരനായ ഗുല്‍സാര്‍ അഹമ്മദിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ 44 വയസ്സായ ഇദ്ദേഹത്തിന് കോടതി ഇതുവരെയും ജാമ്യം നല്‍കിയിട്ടില്ല.

RELATED STORIES

Share it
Top