സഫ്രഗന്‍ മെത്രാപോലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് അന്തരിച്ചു

തിരുവല്ല: മാര്‍ത്തോമ്മാ സഭ സഫ്രഗന്‍ മെത്രാപോലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് (74) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ 4.30ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ രോഗബാധിതനായ സഫ്രഗന്‍ മെത്രാപോലീത്ത ചികില്‍സയിലായിരുന്നു.
കബറടക്കം നാളെ രാവിലെ 10ന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കബറിടത്തില്‍. ഭൗതിക ശരീരം തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. നെടുമ്പ്രം ക്രിസ്‌തോസ് മാര്‍ത്തോമ്മാ ഇടവകയില്‍ ചിറയില്‍ കണ്ടത്തില്‍ പരേതരായ സി ഐ ഇടിക്കുള-ആച്ചിയമ്മ ദമ്പതികളുടെ മകനായി 1944 ഏപ്രില്‍ 26നായിരുന്നു ജനനം.
സഭയുടെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃത്വം വഹിച്ചിട്ടുള്ള ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് മെത്രാപോലീത്ത ടൈറ്റസ് സെക്കന്‍ഡ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളജ് ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍, വൈദിക സെമിനാരി ഗവേണിങ്് ബോര്‍ഡ് ചെയര്‍മാന്‍, സുവിശേഷ സംഘം പ്രസിഡന്റ്, വൈദിക സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, സഭാ ഡയറക്ടറി കമ്മിറ്റി അധ്യക്ഷന്‍, പെരുമ്പാവൂര്‍ വിമന്‍സ് കോളജ് മാനേജര്‍, വൈദിക കോണ്‍ഫറന്‍സ് കമ്മിറ്റി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.

RELATED STORIES

Share it
Top