സഫീറിന്റെ കൊലപാതകം രാഷ്ട്രീയവൈരാഗ്യം കാരണം തന്നെയെന്ന് പിതാവ്

പാലക്കാട്: എംഎസ്എഫ് പ്രവര്‍ത്തകനായ തന്റെ മകന്‍ സഫീറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം തന്നെയായിരുന്നുവെന്ന് പിതാവും മണ്ണാര്‍ക്കാട്്് നഗരസഭാ കൗണ്‍സിലറുമായ സിറാജുദ്ദീന്‍ വ്യക്തമാക്കി. എന്നെയും മകനെയും പല തവണ പ്രതികള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തനിക്കിപ്പോഴും വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും സിറാജ് ആവശ്യപ്പെട്ടു.
കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാര്യംകൂടിയുണ്ടെന്ന് സിറാജ് രാവിലെ പ്രാദേശിക ചാനലുകളോട് പറഞ്ഞിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് മുസ്്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫിസില്‍ ജില്ലാ ഭാരവാഹികളൊപ്പമെത്തി രാവിലത്തെ പ്രസ്താവന തിരുത്തിയത്. രാവിലെ ചില പ്രാദേശിക ചാനലുകളോട് പറഞ്ഞത് മുഴുവന്‍ കാണിക്കാതെ ഒരുഭാഗം മാത്രമാണ് പ്രചരിപ്പിച്ചതെന്നും ഒരു മകന്‍ നഷ്ടപ്പെട്ട പിതാവിന്റെ വേദന മനസ്സിലാക്കണമെന്നും സിറാജുദ്ദീന്‍ വികാരഭരിതനായി പറഞ്ഞു. കൊലപാതകത്തിന് മുമ്പ് കുന്തിപ്പുഴ മല്‍സ്യമാര്‍ക്കറ്റിലും മറ്റിടങ്ങളിലും സഫീറിനെ കൊലപ്പെടുത്താനായി ഗൂഢാലോചന നടത്തിയിരുന്നു. നമ്പിയത്ത് നാസര്‍, ഗഫൂര്‍, നിസാര്‍ തുടങ്ങിയവരും ആ യോഗങ്ങളില്‍ പങ്കെടുത്തതായി അറിവുണ്ട്. എന്നാല്‍, ഇവരെ ചോദ്യം ചെയ്യാനോ തന്റെ മൊഴിയെടുക്കാനോ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. ഗുണ്ടാസംഘത്തെ മെംബര്‍ഷിപ്പ് നല്‍കി സ്വീകരിച്ചത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. ഇദ്ദേഹത്തെ മാലയിട്ട് സ്വീകരിച്ചവരും കൊലപാതകത്തിന് പിന്നിലുണ്ടെന്നും സിറാജുദ്ദീന്‍ പറഞ്ഞു.
അതേസമയം, കളിക്കൂട്ടുകാര്‍ തമ്മിലെ പൂര്‍വ വൈരാഗ്യമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലയിലേക്ക് എത്തിച്ചതെന്ന പിതാവ് സൈനുദ്ധീന്റെ വെളിപ്പെടുത്തല്‍ സിപിഐയെ പ്രതിക്കൂട്ടിലാക്കിയുള്ള മുസ്‌ലിം ലീഗിന്റെ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top