സഫീര്‍ വധം: ഗൂഢാലോചന നടന്നുവെന്ന് പോലിസ്

മണ്ണാര്‍ക്കാട്: എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുന്തിപ്പുഴ പുത്തന്‍വീട്ടില്‍ മുഹമ്മദ് ഹബീബി(20)നെയാണ് ഡിവൈഎസ്പി എന്‍ മുരളിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘം അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന ദിവസം  കേസിലെ പ്രതി സുബ്ഹാന്‍ കൃത്യം നടക്കുന്ന സ്ഥലത്ത് എത്തിയതും കൊലനടത്തിയ ശേഷം പോയതും ഹബീബിന്റെ ബൈക്കിലാണെന്ന് പോലിസ് പറഞ്ഞു.
ഇതോടെ കേസില്‍ 10പേര്‍ അറസ്റ്റിലായി. കേസില്‍ ഇനിയും പ്രതികളുണ്ടാവുമെന്ന് ഡിവൈഎസ്പി എന്‍ മുരളിധരന്‍ പറഞ്ഞു. കുന്തിപ്പുഴ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ (24), കച്ചേരിപ്പറമ്പ് മുഹമ്മദ് ഷര്‍ജില്‍ (റിച്ചു 20), മണ്ണാര്‍ക്കാട് കോളജ് പരിസരത്തെ എം.കെ.റാഷിദ് (24), മണ്ണാര്‍ക്കാട് ചോമേരി മുഹമ്മദ് സുബ്ഹാന്‍ (20), മണ്ണാര്‍ക്കാട് കുന്തിപ്പുഴ പി.അജീഷ് (അപ്പുട്ടന്‍ 24),മണ്ണാര്‍ക്കാട് നമ്പിയന്‍കുന്ന് സൈഫലി എന്ന സൈഫു (22), മണ്ണാര്‍ക്കാട് കോളജ് പോസ്റ്റ് ബംഗ്ലാവ്കുന്ന് പുല്ലത്ത് ഹാരിസ് (28), കച്ചേരിപ്പറമ്പ് മേലെപീടികക്കല്‍ സഫീര്‍ (കൊച്ചു 26), കുന്തിപ്പുഴ നെല്ലിക്കവട്ടയില്‍ മുഹമ്മദ് റഫീഖ് (23) എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍.
ഫെബ്രുവരി 25നാണ് കോടതിപ്പടിയിലെ സ്വന്തം തുണിക്കടയില്‍ സഫീര്‍ കുത്തേറ്റ് മരിച്ചത്. ചെര്‍പ്പുളശ്ശേരി ഇന്‍സ്‌പെക്ടര്‍ എ.ദീപകുമാര്‍, പട്ടാമ്പി ഇന്‍സ്‌പെക്ടര്‍ പി വി രമേശ്, എസ്‌ഐ റോയ് ജോര്‍ജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഗൂഡാലോചന നടന്നതായും പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഗൂഡാലോചന നടത്തിയവരില്‍ പൊതു പ്രവര്‍ത്തകനുമുണ്ട്. ഇയാളടക്കം എല്ലാവരും ഉടന്‍ അറസ്റ്റിലാവുമെന്ന് ഡിവൈഎസ്പി പറഞ്ഞു. ഗൂഡാലോചന നടത്തിയതിനു കൃത്യമായ തെളിവുകള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. നേരത്തെ ഗൂഡാലോചന ഇല്ലന്ന നിലപാടിലായിരുന്നു പോലിസ്. പ്രത്യേക അന്വോഷണ സംഘം കേസ് ഏറ്റെടുത്ത ശേഷമാണ് ഗൂഡാലോചന വകുപ്പ് ചുമത്തിയത്.

RELATED STORIES

Share it
Top