സഫീര്‍ വധം: കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി

മണ്ണാര്‍ക്കാട്: എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീര്‍ വധക്കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളെയും മണ്ണാര്‍ക്കാട് മുനിസിഫ് മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് 13 വരെ റിമന്‍ഡ് ചെയ്തു. ഇന്നലെ വൈകീട്ട് നാലരയോടെയാണു പ്രതികളെ കനത്ത സുരക്ഷയില്‍ കോടതിയിലെത്തിച്ചത്.
അഞ്ചു മിനിറ്റിനുള്ളില്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പാലക്കാട് ജയിലിലേക്ക് അയച്ചു. പ്രതികളെ തെളിവെടുപ്പ് നടത്തി കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. കേസിലെ ഒന്നാംപ്രതി തച്ചംകുന്നന്‍ അബ്ദുല്‍ ബഷീറിനെയാണു തെളിവെടുപ്പിന് കൊണ്ടുവന്നത്.
കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി കുന്തിപ്പുഴ ബൈപാസിനു സമീപം പുഴയോരത്തെ കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കത്തിയുടെ ഉറ കഴിഞ്ഞദിവസം സഫീറിന്റെ കടയില്‍ നിന്നു കണ്ടെടുത്തിരുന്നു. ജനരോഷം ഭയന്ന് രഹസ്യമായാണു പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രധാന റോഡില്‍ നിന്നു കോടതി വരെ ഇരുവശങ്ങളിലും പോലിസിനെ നിര്‍ത്തി വഴിയൊരുക്കിയാണു പ്രതികളെ കോടതിയിലേക്കു കൊണ്ടുപോയത്.

RELATED STORIES

Share it
Top