സപ്ലൈകോ ഔട്ട് ലെറ്റില്‍ മോഷണം;ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടമായിമട്ടാഞ്ചേരി: കരുവേലിപ്പടിയിലെ സപ്ലൈകോയുടെ ഔട്ട് ലെറ്റില്‍ മോഷണം. ഷട്ടറിന്റെ താഴ് മാറ്റി അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി അറുപത്തിയാറായിരം രൂപയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്ന സപ്ലൈ കോ മെഡിക്കല്‍ സ്‌റ്റോറില്‍ സൂക്ഷിച്ചിരുന്ന മുവ്വായിരത്തി അഞ്ഞൂറ് രൂപയും കൊണ്ട് പോയി. ശനിയാഴ്ചത്തെ കച്ചവടക്കാശും റമദാന്‍ പ്രമാണിച്ച് ഞായറാഴ്ച ഷോപ്പ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. രണ്ട് ദിവസം നടന്ന കച്ചവടത്തില്‍ നിന്ന് ലഭിച്ച പണം ഞായറാഴ്ച അവധിയായതിനാല്‍ ഇവിടെ സൂക്ഷിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് ജീവനക്കാര്‍ ഷോപ്പ് പൂട്ടി പോയത്. ഇന്നലെ രാവിലെ തുറക്കാന്‍ എത്തിയ ജീവനക്കാര്‍ ഷോപ്പിന്റെ പ്രധാന ഷട്ടറിന്റെ രണ്ട് താഴും ഇല്ലാത്ത നിലയില്‍ കാണുകയായിരുന്നു.മാത്രമല്ല ഷട്ടറിന്റെ താഴിടുന്ന ഭാഗം ഇളക്കിയ നിലയിലും കണ്ടു.ഇതിനെ തുടര്‍ന്ന് ജീവനക്കാര്‍ തോപ്പുംപടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പോലിസ് എത്തി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കാണാതായ വിവരം അറിയുന്നത്.നല്ലത് പോലെ പരിചയമുള്ള ആരെങ്കിലുമാണോ മോഷണത്തിന് പിന്നിലെന്ന് പോലിസ് സംശയിക്കുന്നുണ്ട്.പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷ്, തോപ്പുംപടി എസ്‌ഐ സി വിനു എന്നിവരുടെ നേതൃത്വത്തില്‍ പോലിസെത്തി പരിശോധന നടത്തി.വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തോപ്പുംപടി എസ്‌ഐ സി ബിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

RELATED STORIES

Share it
Top