സപ്തംബര്‍ മുതല്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ന്യൂഡല്‍ഹി: ഈ വര്‍ഷം സപ്തംബര്‍ മുതല്‍ രാജ്യത്ത് വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാവും. ഇരുചക്ര-നാലുചക്ര വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് സുപ്രിംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. സപ്തംബര്‍ 1 മുതല്‍ ഉത്തരവ് നടപ്പാക്കണമെന്ന് വാഹന കമ്പനികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കാറുകള്‍ക്ക് മൂന്നു വര്‍ഷത്തേക്കും ബൈക്കുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്കുമുള്ള ഇന്‍ഷുറന്‍സാണ് നിര്‍ബന്ധമാക്കിയത്.
റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായാണ് ഉത്തരവെന്നും സാമ്പത്തിക വശങ്ങള്‍ക്കു പകരം മനുഷ്യാവകാശപരമായ വശങ്ങളാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. റോഡ് സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഉത്തരവ്. ഇരുചക്ര-നാലുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് കാലാവധി യഥാക്രമം മൂന്നു വര്‍ഷവും അഞ്ചു വര്‍ഷവുമായി വര്‍ധിപ്പിക്കണമെന്നതാണ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടത്.
നിലവില്‍ ഒരു വര്‍ഷമാണ് ഇത്തരം വാഹനങ്ങള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ. രാജ്യത്തെ നിരത്തുകളിലുള്ള 18 കോടി വാഹനങ്ങളില്‍ ആറു കോടി വാഹനങ്ങള്‍ക്ക് മാത്രമാണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉള്ളതെന്ന് സമിതി റിപോര്‍ട്ടില്‍ പറയുന്നു. വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ അപകടങ്ങളില്‍ പെടുന്ന വലിയൊരു വിഭാഗത്തിനു നഷ്ടപരിഹാരം ലഭിക്കാതിരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതായും സമിതി നിരീക്ഷിച്ചു. അപകട നഷ്ടപരിഹാരം മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

RELATED STORIES

Share it
Top