സന്ന്യാസിയുടെ മരണം വിവാദമാവുന്നു

ഡെറാഡൂണ്‍: ഗംഗാനദി സംരക്ഷണത്തിനായി 110 ദിവസം നിരാഹാരം കിടന്ന ശേഷം മരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി ഡി അഗര്‍വാള്‍ പ്രവര്‍ത്തിച്ചിരുന്ന ആശ്രമത്തിനെതിരേ അപകീര്‍ത്തിക്കേസ് കൊടുക്കുമെന്ന് ഋഷികേശിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്). അഗര്‍വാളിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ എയിംസ് പങ്കാളിയായി എന്നാണ് മൈത്രി സദന്‍ ആശ്രമം അധികൃതര്‍ ആരോപിച്ചത്. ഇതാണു നിയമനടപടിക്ക് നീങ്ങാന്‍ എയിംസിനെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍ ആരോപണം ആവര്‍ത്തിച്ച ആശ്രമം അധികൃതര്‍ ഗൂഢാലോചനയ്ക്ക് കേസ് കൊടുക്കുമെന്ന് വ്യക്തമാക്കി. ഐഐടി പ്രഫസറായിരുന്ന അഗര്‍വാള്‍ പിന്നീടാണ് ആത്മീയ മാര്‍ഗം സ്വീകരിച്ച് സന്ന്യാസിയായത്. അഗര്‍വാളിന്റെ മൃതദേഹത്തെച്ചൊല്ലിയും എയിംസും ആശ്രമവും വടംവലി തുടരുകയാണ്. അഗര്‍വാളിന്റെ ആത്മീയ ഗുരുസ്വാമി അവിമുക്തേശ്വരാനന്ദ് മൃതദേഹത്തില്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ അവയവങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷണത്തിന് അഗര്‍വാള്‍ സംഭാവന ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സ്വാമി ജ്ഞാനസ്വരൂപാനന്ദ് എന്നറിയപ്പെടുന്ന അഗര്‍വാള്‍ ഋഷികേശിലെ എയിംസില്‍ വ്യാഴാഴ്ചയാണ് അന്തരിച്ചത്. മരിക്കുന്നതിന് ഒരുദിവസം മുമ്പ് നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗംഗാ ശുചീകരണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഋഷികേശിലെ മൈത്രി സദനില്‍ അനിശ്ചിതകാല ഉപവാസത്തിലായിരുന്നു അദ്ദേഹം. അഗര്‍വാളിനെ കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയെന്ന അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച ആശ്രമത്തെ കോടതികയറ്റുമെന്ന് എയിംസ് ഡയറക്ടര്‍ രവികാന്ത് അറിയിച്ചു. എയിംസ് നിയമസഹായ സംഘത്തില്‍ നിന്ന് ഇതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ജ്ഞാനസ്വരൂപാനന്ദിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മൈത്രി സദന്‍ ആശ്രമത്തലവന്‍ ശിവാനന്ദ് അറിയിച്ചു. അഗര്‍വാളിന്റെ സമരം മുന്നോട്ടു കൊണ്ടുപോവാന്‍ താന്‍ അനിശ്ചിതകാല ഉപവാസം ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അഗര്‍വാളിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിന് കോടതിയെ സമീപിക്കുമെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

RELATED STORIES

Share it
Top