സന്ന്യാസിനിമാരെ തട്ടിക്കൊണ്ട് പോയി കൂട്ടബലാല്‍സംഗം ചെയ്തു

ബിലാസ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ സന്ന്യാസിനിമാരെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. മാര്‍ച്ച് രണ്ടിനാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും നടന്നിട്ടില്ല. അക്രമികളുടെ പേരുകള്‍ സന്ന്യാസിനിമാര്‍ പോലിസിന് കൈമാറിയിട്ടുണ്ട്.
ദിലീപ് ചന്ദ് പട്ടേല്‍, കല്‍പനാഥ് ചൗധരി, ഗിരിജ ശങ്കര്‍ ചൗധരി, ശ്യാംചന്ദ് ചൗധരി എന്നിവരാണ് കേസിലെ പ്രതികളെന്ന് പോലിസ് പറഞ്ഞു. ദിലീപ് ചന്ദ് പട്ടേല്‍ ഛത്തീസ്ഗഡിലെ ജന്‍ജ്ഗിര്‍-ചംബ ജില്ലക്കാരനാണ്. ബാക്കിയുള്ളവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളും.
സൗത്ത് ബിഹാര്‍ എക്‌സ്പ്രസില്‍ നിന്ന് ചംബ റെയില്‍വേസ്റ്റേഷനിലിറങ്ങിയ 25 വയസ്സുള്ള സന്ന്യാസിനിമാരെ ജന്‍ജ്ഗിര്‍-ചംബ ജില്ലയിലെ ആശ്രമത്തില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോയത് ദിലീപ് ചന്ദ് പട്ടേലാണ്. പട്ടേലിനെ നന്ന്യാസിനിമാര്‍ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു.
എന്നാല്‍ വാഹനം കോര്‍ബ ജില്ലയിലേക്കാണു പോയത്. സന്ന്യാസിനിമാര്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ തനിക്ക് ഒരു കുട്ടിയുടെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാനാണെന്നും അതുകഴിഞ്ഞ് ആശ്രമത്തിലേക്ക് പോവാമെന്നുമായി പട്ടേല്‍. കാര്‍ ബരപാലിയിലെത്തിയപ്പോള്‍ മൂന്നുപേര്‍ കൂടി കയറി. തുടര്‍ന്ന് രണ്ട് സ്ത്രീകളെയും ആളൊഴിഞ്ഞിടത്തു കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. അക്രമികള്‍ സന്ന്യാസിനിമാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ജീവനുവേണ്ടി യാചിച്ചതിനാല്‍ വെറുതെവിട്ടു. പിന്നീട് അതിക്രമത്തിനിരയായവരില്‍ ഒരു സ്ത്രീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മുഖ്യമന്ത്രി രമണ്‍ സിങിന് കത്തെഴുതി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന്  പോലിസ് സൂപ്രണ്ട് മധുലിക സിങ് അറിയിച്ചു.

RELATED STORIES

Share it
Top