സന്നദ്ധ സംഘടനകള്‍ക്കു സഹായം എത്തിക്കാന്‍ കഴിയുന്നില്ലെന്ന്് യുഎന്‍

യുനൈറ്റഡ് നാഷന്‍സ്: യുഎന്‍ രക്ഷാസമിതി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സന്നദ്ധ സംഘടനകളെ സംഘര്‍ഷബാധിത പ്രദേശങ്ങളിലേക്കു കടക്കാന്‍ സിറിയ അനുവദിക്കുന്നില്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം സെക്രട്ടറി ജനറല്‍ മാര്‍ക്ക് ലൗകോക്ക്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താന്‍ വൈകുന്നതില്‍ യുഎന്നും പടിഞ്ഞാറന്‍ രാജ്യങ്ങളും റഷ്യയെയും സിറിയയെയും രൂക്ഷമായി വിമര്‍ശിച്ചു.
ദുരിതബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സഹായമെത്തിക്കാനും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും ഒരുമാസത്തെ വെടിനിര്‍ത്തലിന് യുഎന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഗൂത്തയില്‍ സിറിയന്‍ സൈന്യം ശക്തമായ വ്യോമാക്രമണം തുടരുകയാണ്. സിറിയയില്‍ സര്‍ക്കാര്‍ ഉപരോധത്തിലുള്ള കിഴക്കന്‍ ഗൂത്ത അടക്കം 10 പ്രദേശങ്ങളിലേക്കുള്ള അടിയന്തര സഹായങ്ങളുമായി യുഎന്‍ സംഘം തയ്യാറായിരിക്കുകയാണ്. സിറിയയിലേക്ക് ഭക്ഷണമടക്കമുള്ള മറ്റ് അവശ്യവസ്തുക്കളുമായി 40 ട്രക്കുകള്‍ സജീകരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍ ശക്തമായ വ്യോമാക്രമണം കാരണം സന്നദ്ധപ്രവര്‍ത്തകര്‍ക്കു കിഴക്കന്‍ ഗൂത്തയിലേക്കും അപകടസാധ്യതയേറിയ പ്രദേശങ്ങളിലേക്കും സഹായം എത്തിക്കാന്‍ കഴിയുന്നില്ലെന്നും ലൗക്കോക്ക് കൂട്ടിച്ചേര്‍ത്തു.
സിറിയന്‍ സര്‍ക്കാരും റഷ്യയും   യുഎന്‍ രക്ഷാസമിതി പ്രമേയം ലംഘിക്കുകയാണെന്ന് രക്ഷാസമിതിയില്‍ യുഎസ് ആരോപിച്ചു.
ഫെബ്രുവരി 18 മുതല്‍ സിറിയന്‍ സൈന്യം റഷ്യയുടെ പിന്തുണയോടെ നടത്തുന്ന കനത്ത വ്യോമാക്രമണത്തില്‍ കിഴക്കന്‍ ഗൂത്തയില്‍ 580ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായും 1000ല്‍ അധികം പേര്‍ക്കു പരിക്കേറ്റതായും ലൗക്കോക്ക് രക്ഷാസമിതിയെ അറിയിച്ചു.

RELATED STORIES

Share it
Top