സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

തിരുവനന്തപുരം: നീലക്കുറിഞ്ഞി പൂക്കുന്നത് കാണാന്‍ മൂന്നാറില്‍ ഇത്തവണ തിരക്ക് കൂടാനിടയുള്ള സാഹചര്യത്തില്‍ ദിവസേനയുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം.ഇക്കാര്യത്തെക്കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വനം വകുപ്പുകള്‍ സംയുക്തമായി അവലോകന യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. 2006ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്.മൂന്ന് മാസക്കാലം നീണ്ടു നില്‍ക്കുന്ന കുറിഞ്ഞി പൂക്കാല സീസണില്‍ ഏതാണ്ട് എട്ടു ലക്ഷത്തോളം വിനോദ സഞ്ചാരികള്‍ മൂന്നാറിലേക്കും പരിസര പ്രദേശങ്ങളിലേക്കുമായി ഒഴുകിയെത്തും എന്ന് ടൂറിസം വകുപ്പ് കണക്കുകൂട്ടുന്നു. നീലഗിരി കുന്നുകള്‍, പളനി മലകള്‍, ഹൈറേഞ്ച് മലകള്‍ എന്നിവിടങ്ങളിലാണ് കുറിഞ്ഞി ചെടികള്‍ കൂടുതലായി കാണുന്നത്.മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തിലും പരിസരപ്രദേശത്തും  ഏക്കറുകളോളം നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുമെന്നതിനാല്‍ ഇവിടെ സന്ദര്‍ശകരുടെ ബാഹുല്യം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുപുറമെ, മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള പാര്‍ക്കിങ്   സൗകര്യം വിലയിരുത്താനും വന്നു പോവുന്ന വാഹനങ്ങളുടെ എണ്ണം കണക്കിലെടുക്കാനുമായി നാറ്റ്പാക്കിനെ ചുമതലപ്പെടുത്തും.  ക്രമസമാധാന പാലനത്തിനു കൂടുതല്‍ പോലിസ് സേനയെ വിന്യസിക്കാനും തീരുമാനമായി. ടോയ്‌ലറ്റ് സംവിധാനം കാര്യക്ഷമമാക്കാനും പ്ലാസ്റ്റിക്  നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാനും തീരുമാനിച്ചു. മേഖലയിലെ മാലിന്യ സംസ്‌കരണ സംവിധാനം കുറേക്കൂടി മെച്ചപ്പെടുത്താനും പഴുതുകളില്ലാതെ നടപ്പാക്കാനുമാണ് ധാരണ. വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഇക്കാര്യത്തില്‍ ഉറപ്പാക്കും.   സഹകരണം, ടൂറിസം, ദേവസ്വം  വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും വനം വകുപ്പ് മന്ത്രി കെ രാജുവിന്റെയും നേതൃത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. റാണി ജോര്‍ജ്, ഡോ. വി വേണു, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, ഇടുക്കി ജില്ലാ കലക്ടര്‍ ജി ആര്‍  ഗോകുല്‍, ദേവികുളം സബ് കലക്ടര്‍ വി  ആര്‍ പ്രേംകുമാര്‍, പോലിസ് വകുപ്പിലെയും മോട്ടോര്‍ വാഹന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ടാറ്റ, കണ്ണന്‍ ദേവന്‍ കമ്പനികളുടെ ഉദ്യോഗസ്ഥര്‍, സംസ്ഥാന സര്‍ക്കാരിലെ മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top