സന്തോഷ് ട്രോഫി ചാംപ്യന്മാര്‍ക്ക് ജന്മനാടിന്റെ സ്വീകരണം

കൊച്ചി: ബംഗാളിന്റെ മണ്ണില്‍ അവരെ മുട്ടുകുത്തിച്ച്് സ്വന്തമാക്കിയ സന്തോഷ് ട്രോഫിയുമായി കേരളത്തിന്റെ ചുണക്കുട്ടികള്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പുല്‍പ്പരപ്പിലേക്ക് ഇറങ്ങിയപ്പോള്‍ ആരാധകര്‍ ഒരുക്കിയത് ആവേശോജ്വല സ്വീകരണം. ഇതിനു മുമ്പ് കേരളം സന്തോഷ് ട്രോഫി കലാശക്കളിക്ക് ഇറങ്ങിയത് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഇതേ മൈതാനത്താണ്. നാലുവര്‍ഷത്തിനപ്പുറം പെനല്‍റ്റി ഷൂട്ടൗട്ടില്‍ സര്‍വീസസിനോട് തോറ്റ് കണ്ണീരുമായി മടങ്ങിയ കേരള ഫുട്‌ബോള്‍ ടീം ഇന്നലെ വീണ്ടും കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തുമ്പോള്‍ കൈയില്‍ അന്ന് കൈവിട്ട കിരീടമുണ്ടായിരുന്നു.
14 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകകപ്പ്’സ്വന്തമാക്കിയ മലയാളത്തിന്റെ ചുണക്കുട്ടികള്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് 3.05ന് കളിക്കാരുമായി വിസ്താര എയര്‍വേയ്‌സ് നെടുമ്പാശ്ശേരിയിലിറങ്ങി. ചെണ്ടമേളങ്ങളുമായി കാത്തുനിന്ന ആരാധകരുടെ നടുവിലേക്ക് ആദ്യം വന്നത് ക്യാപ്റ്റന്‍ രാഹുല്‍ വി രാജ്. തൊട്ടുപിന്നാലെ കോച്ച് സതീവന്‍ ബാലന്റെ നേതൃത്വത്തില്‍ മറ്റ് ടീമംഗങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും പുറത്തുവന്നു. യാത്രാരേഖയിലെ പിശകു കാരണം ടീമിലെ ഗോള്‍കീപ്പര്‍മാരിലൊരാളായ അജ്മലിന് മൂന്നിനു ശേഷമാണ് കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെടാന്‍ സാധിച്ചത്.
സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കെ ടി ജലീല്‍ താരങ്ങളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. എംഎല്‍എമാരായ ഹൈബി ഈഡന്‍, പി ടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവരും ടീമംഗങ്ങളെ വരവേല്‍ക്കാനെത്തി. തുടര്‍ന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ ടീം ബസ്സില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ടീമംഗങ്ങളെ സ്വീകരിച്ചത്. തുടര്‍ന്ന് കപ്പുമായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ടൂര്‍ണമെന്റിന് മുമ്പ് കോച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പരിശീലനമാണ് വിജയത്തിന്റെ രഹസ്യമെന്ന് ക്യാപ്റ്റന്‍ രാഹുല്‍ വി രാജ് പ്രതികരിച്ചു. നാടിനു വേണ്ടി കിരീടം നേടാനായത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു. 14 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിന്റെ മണ്ണിലെത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. കൂട്ടായ്മയുടെ വിജയമാണിതെന്നും രാഹുല്‍ പറഞ്ഞു.
ടീം നേടിയത് മഹത്തായ വിജയമാണെന്നായിരുന്നു കോച്ച് സതീവന്‍ ബാലന്റെ പ്രതികരണം. ടീം സെലക്ഷനില്‍ ഉള്‍പ്പെടെ പൂര്‍ണ സ്വാതന്ത്ര്യമാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കിയത്. ശക്തമായ എതിരാളികളെ മറികടന്ന് സെമിയിലെത്തിയപ്പോള്‍ വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ഫൈനലില്‍ അവസാന നിമിഷം ബംഗാള്‍ ഗോള്‍ നേടിയത് ആശങ്ക സമ്മാനിച്ചു. സമ്മര്‍ദമില്ലാതെ ഷൂട്ടൗട്ടിനെ നേരിടാന്‍ കളിക്കാരോട് നിര്‍ദേശിക്കുകയായിരുന്നു. അത് ഭംഗിയായി നിര്‍വഹിച്ചതോടെ വിജയം കൈപ്പിടിയിലാവുകയായിരുന്നുവെന്നും കോച്ച് പറഞ്ഞു.
കേരളത്തിനായി സന്തോഷ് ട്രോഫി നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ വക പാരിതോഷികം ഉടന്‍ ചേരുന്ന മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. വിജയാഘോഷങ്ങള്‍ക്കായി ആറിന് സംസ്ഥാനത്ത് വിക്ടറി ഡേ ആചരിക്കും. അന്ന് വൈകീട്ട് നാലിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്കായി സര്‍ക്കാര്‍ സ്വീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
നിര്‍ധന കുടുംബത്തില്‍ നിന്നുള്ള ടീമംഗമായ അനുരാഗിന് വീടുവച്ചുനല്‍കുമെന്ന് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ ഐസിഎല്‍ ഫിന്‍കോര്‍പ്പും അറിയിച്ചിട്ടുണ്ട്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, കെഎഫ്എ പ്രസിഡന്റ് കെ എം ഐ മേത്തര്‍, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top