സന്തോഷ് ട്രോഫി ; കരുത്തുറ്റ യുവനിരയുമായി കേരളംകോഴിക്കോട്: സന്തോഷ് ട്രോഫിയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ കരുത്തുറ്റ യുവനിരയുമായി കേരളം.  പരിചയ സമ്പത്തും യുവത്വവും സമന്വയിച്ച 20 അംഗ സംഘത്തില്‍ 13പേര്‍ പുതുമുഖങ്ങളാണ്. ഒരു മാസം നീണ്ട പരിശീലനത്തിനും പ്രദര്‍ശന മല്‍സരങ്ങള്‍ക്കും ഒടുവില്‍ ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ യോഗമാണ് ടീമിനെ തിരഞ്ഞെടുത്തത്. നാല് സന്തോഷ് ട്രോഫികളില്‍ കേരളത്തിനായി ബൂട്ടണിഞ്ഞ തൃശൂരില്‍ നിന്നുള്ള എസ്ബിഐ താരം രാഹുല്‍ വി രാജാണ് ക്യാപ്റ്റന്‍.  കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ച തിരുവനന്തപുരത്തിന്റെ എസ് സീസന്‍ ഉപനായകനാവും. ഇവരെ കൂടാതെ കഴിഞ്ഞ സന്തോഷ് ട്രോഫി കളിച്ച ലിജോ, അജ്മല്‍, മുഹമ്മദ് പറക്കോട്ടില്‍, ശ്രീരാഗ് എന്നിവര്‍ ഇത്തവണയും ടീമില്‍ ഇടം നേടി. മൂന്ന് സ്‌െ്രെടക്കര്‍മാരാണ് ടീമിലുള്ളത്. സജിത് പൗലോസ് (എസ് ബി ഐ), വി കെ അഫ്ദല്‍ (മമ്പാട് എം ഇഎസ്), അനുരാഗ് (അണ്ടര്‍ 21) എന്നിവരാണ് കേരളത്തിന്റെ മുന്നേറ്റ നിരയ്ക്ക് കരുത്ത് പകരുക. വി മിഥുന്‍ (എസ്ബിഐ),  എസ് അജ്മല്‍, അഖില്‍ സോമന്‍ (ഇരുവരും കെഎസ്ഇബി) എന്നിവര്‍ ഗോള്‍ വല കാക്കും. എസ്ബിഐ താരങ്ങളായ എസ് ലിജോ, രാഹുല്‍ വി രാജ്, കേരള പോലിസിന്റെ വിബിന്‍ തോമസ്, വി ജി ശ്രീരാഗ്, ഫാറൂഖ് കോളജിന്റെ മുഹമ്മദ് ശരീഫ്, ജിയാദ് ഹസന്‍ (എവര്‍ഗ്രീന്‍ മഞ്ചേരി), ജസ്റ്റിന്‍ ജോര്‍ജ് (അണ്ടര്‍ 21) എന്നിവരാണ് ഡിഫന്‍ഡര്‍മാര്‍. മിഡ്ഫീല്‍ഡിലേക്ക് അണ്ടര്‍ 21 താരങ്ങളായ കെ പി രാഹുല്‍, വി എസ് ശ്രീക്കുട്ടന്‍, എം എസ് ജിതിന്‍,  എസ്ബിഐ താരം വി എസ് സീസണ്‍, മുഹമ്മദ് പറക്കോട്ടില്‍ (കെഎസ്ഇബി), ജി ജിതിന്‍ (െ്രെകസ്റ്റ് കോളജ് ഇരിങ്ങാലക്കുട), ബി എല്‍ ഷംനാസ് (സെന്‍ട്രല്‍ എക്‌സൈസ്) എന്നിവരെയാണ് പരിഗണിച്ചിരിക്കുന്നത്. സതീവന്‍ ബാലനാണ് കോച്ച്.  അസിസ്റ്റന്റ് കോച്ചായി ബിജേഷ് ബെന്നിയെ തിരഞ്ഞെടുത്തു. അരുണ്‍ എസ് മനോജിനെ ടീം ഫിസിയോയായും സി സി ആസിഫിനെ ടീം മാനേജറായും നിയമിച്ചിട്ടുണ്ട്. റിസര്‍വ് താരങ്ങളായി അഞ്ച് പേര്‍ കൂടി ടീമിലുണ്ടാവും. ഐസിഎല്‍ ഫിന്‍കോര്‍പ്പാണ് ടീമിന്റെ സ്‌പോണ്‍സര്‍മാര്‍. കോഴിക്കോട് നിന്ന് ഇന്ന് കൊച്ചിയിലേക്ക് തിരിക്കുന്ന ടീം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ് ടീം അടക്കം രണ്ട് ടീമുകളുമായി സൗഹൃദ, പരിശീലന മല്‍സരത്തിന് ശേഷം 14നാണ്  72ാമത് സന്തോഷ് ട്രോഫിക്കായി ബംഗളൂരുവിലേക്ക് തിരിക്കുക. ബംഗളൂരുവിലെ  കെഎസ്എഫ്എ സ്‌റ്റേഡിയമാണ് സൗത്ത് സോണ്‍ യോഗ്യതാ മല്‍സരത്തിന് ആതിഥ്യമരുളുന്നത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ആന്തമാന്‍ നിക്കോബാര്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളമുള്ളത്. 18ന് ആന്ധ്രപ്രദേശുമായാണ് കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റായ കേരളത്തിന്റെ ആദ്യ മല്‍സരം. 20ന് ആന്തമാന്‍ നിക്കോബാറുമായും 22ന് കരുത്തരായ തമിഴ്‌നാടുമായും മാറ്റുരയ്ക്കും. ഏഴ് പതിറ്റാണ്ട് നീണ്ട സന്തോഷ് ട്രോഫിയുടെ ചരിത്രമെടുത്താല്‍ ബംഗാളിനും ഗോവയ്ക്കും സര്‍വീസസിനുമൊപ്പം ശ്രദ്ധേയ നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളവും. അഞ്ച് തവണ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട കേരള ടീം എട്ട് തവണ റണ്ണറപ്പായിട്ടുണ്ട്.  എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടില്ല. 2004ല്‍ പഞ്ചാബിനെ തോല്‍പ്പിച്ചാണ് അവസാനം കിരീടം നേടിയത്. 2012ല്‍ റണ്ണറപ്പായതാണ് ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലെ സമീപകാലത്തെശ്രദ്ധേയ പ്രകടനം. വലിയ പ്രതീക്ഷയാണ് ഇത്തവണ ടീമിലുള്ളതെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.  ഓരോ മല്‍സരവും നിര്‍ണായകമായി കണ്ട് കിരീടം ലക്ഷ്യമിട്ട് തന്നെയാണ് കേരളം ഒരുങ്ങിയിരിക്കുന്നതെന്ന് ക്യാപ്റ്റന്‍ രാഹുലും കോച്ച് സതീവന്‍ ബാലനും പറഞ്ഞു.

RELATED STORIES

Share it
Top