സന്തോഷ് ട്രോഫി ആവേശം: സോക്കര്‍ ആരവത്തില്‍ അഫ്ദലിന് ജന്‍മനാടിന്റെ സ്‌നേഹ സ്വീകരണം

മഞ്ചേരി: സന്തോഷ് ട്രോഫി താരം വി കെ അഫ്ദലിന് ജന്മനാട്ടില്‍ ഊഷ്മള വരവേല്‍പ്. ഫുട്‌ബോള്‍ ആരാധകരും നാട്ടുകാരും ചേര്‍ന്ന് മഞ്ചേരി നെല്ലിക്കുത്ത് നിന്നും തുറന്ന വാഹനത്തില്‍ ഉല്‍സവാന്തരീക്ഷത്തിലാണു താരത്തെ ജന്മ നാടായ കിഴക്കെ പാണ്ടിക്കാട് ഒലിപ്പുഴയിലേക്ക് എതിരേറ്റത്.
14 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് സന്തോഷ് ട്രോഫി കേരളത്തിലെത്തിച്ച യുവ ഫുട്‌ബോള്‍ പ്രതിഭകളുടെ വിജയം നാട് ആഘോഷമാക്കുന്നതിന്റെ നേര്‍കാഴ്ചയായിരുന്നു സ്വീകരണ പരിപാടി. കൊച്ചിയില്‍ നിന്നും ഉച്ചയ്ക്ക് ഒരുണിയോടെയാണ് അഫ്ദല്‍ നാട്ടിലെത്തിയത്. പൂക്കള്‍ വിതറിയും പടക്കം പൊട്ടിച്ചും കാല്‍പന്തുകളി ജീവശ്വാസമാക്കിയ ജനത താരത്തെ എതിരേറ്റു. പിതാവ് മുഹമ്മദ് അഷ്‌റഫ് വരീക്കോടനും മാതാവ് ഹഫ്‌സത്തും വിജയിയായി മടങ്ങിയെത്തിയ മകനെ സ്വീകരിക്കാനെത്തി. സഹോദരി അസ്‌നയും കൂടെയുണ്ടായിരുന്നു. . 54-ാം മിനുട്ടില്‍ അഫ്ദല്‍ നേടിയ ഏക ഗോളിലാണ് കേരളം ഫൈനല്‍ ബര്‍ത്ത് നേടിയത്. കാലിക്കറ്റ് സര്‍വകലാശാല ടീമില്‍ കാഴ്ചവെച്ച മികച്ച പ്രകടനത്തിലൂടെയാണ് അഫ്ദല്‍ സംസ്ഥാന ടീമിലെത്തുന്നത്. മമ്പാട് കോളജില്‍ ഫുഡ് സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയ താരം ബിരുദാനന്തര ബിരുദത്തിന് തയ്യാറെടുക്കുകയാണ്.

RELATED STORIES

Share it
Top