സദ്ദാം ഭരണകാലത്തെ പട്ടാള ഉദ്യോഗസ്ഥന്‍ ചികില്‍സ തേടി പെരിന്തല്‍മണ്ണയില്‍

പെരിന്തല്‍മണ്ണ: ഇറാഖിലെ ബാഗ്ദാദില്‍ നിന്നെത്തിയ മുന്‍ പട്ടാള ഓഫിസര്‍ 60കാരാനായ ആദില്‍ യൂസിഫ് ഹുസയ്ന്‍, തന്റെ പുത്രന്‍ ഉത്മാന്‍, ഭാര്യ സുമയ്യ എന്നിവരോടൊപ്പം കേരളിയ ചികില്‍സാരീതിയുടെ മഹിമ നേരിട്ടനുഭവപ്പെട്ട സന്തോഷത്തിലാണ്. ഇറാഖിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസയ്‌ന്റെ കൂടെ സൈനിക സേവനം നടത്താന്‍ ഭാഗ്യം കിട്ടിയ മുന്‍ പട്ടാള ഓഫിസര്‍ നെഞ്ചിലും തോളിലും വെടിയേറ്റ അടയാളങ്ങളും ഹൃദയത്തോടു ചേര്‍ന്ന് നീക്കം ചെയ്യാന്‍ പറ്റാത്ത വെടിയുണ്ടയുടെ ചില്ലുമായാണ് ജീവിക്കുന്നത്.
ഏറെ സമ്പന്നവും സന്തോഷകരവുമായിരുന്ന തന്റെ രാജ്യം നേരിട്ട എല്ലാ ദുര്‍ഘട സമയത്തും ഇന്ത്യയും ഇന്ത്യന്‍ ഭരണാധികാരികളും ഇറാഖിലെ ജനങ്ങള്‍ക്ക് നല്‍കിയ സ്റ്റേഹവും പിന്തുണയും ഈ പട്ടാള  ഓഫിസര്‍ നന്ദിപൂര്‍വം സ്മരിക്കുന്നു. പട്ടാള ജീവിതത്തിനു ശേഷം ബിസിനസില്‍ ഏര്‍പ്പെട്ട ആദിലിനെ 2017 ഡിസംബര്‍ മാസത്തിലാണ് പക്ഷാഘാതം പിടികൂടി ഇടതു വശം തളര്‍ത്തികളഞ്ഞത്.
ഒരുമാസത്തിലേറെ പെരിന്തല്‍മണ്ണയിലെ അമ്യൃതം ആയുര്‍വേദാശുപത്രിയില്‍ ഡോ. പി കൃഷ്ണദാസ്, ഡോ. ഷീബാ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ നല്‍കിയ ചികില്‍സ ഫലം കണ്ടു. ആദില്‍ സ്വന്തമായി നടക്കാനും ഉപയോഗിച്ചിരുന്ന വീല്‍ ചെയറും മറ്റും ഉപേക്ഷിക്കാനും സാധിച്ചു. തുഷാരഗിരി വെള്ളച്ചാട്ടം, മലമ്പുഴ ഡാം, ഗുരുവായൂരിലെ ആനക്കോട്ട, കോഴിക്കോട്ടെ ബീച്ച് ഇവയെല്ലാംതന്നെ ആദിലിന്റെയും കുടുംബത്തിന്റെയും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഓര്‍മകളാണ്.
റമദാന്‍ വ്രതാനുഷ്ഠാനത്തിനിടയില്‍ പെരിന്തല്‍മണ്ണയിലെ ടൗണ്‍ ജുമാ മസ്ജിദിലും മറ്റും പോയി പ്രാര്‍ഥിക്കുവാനും ബാങ്ക് വിളിക്കുവാനും കഴിഞ്ഞതില്‍ ഈ കുടുംബം ഏറെ സന്തോഷത്തിലാണ്. പക്ഷാഘാതമായതിനാല്‍ തുടര്‍ ചികില്‍സകള്‍ ആവശ്യമായതിനാല്‍ കേരളത്തിലേക്ക് വീണ്ടും വരാമെന്ന പ്രതീക്ഷയിലാണ് ഈ ഇറാഖി കുടുംബം. ഞാവല്‍മരം നട്ടുപിടിപ്പിച്ച്  ലോക പരിസ്ഥിതി ദിനാഘോഷത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷത്തിലാണിവര്‍.

RELATED STORIES

Share it
Top