സത്യസായി ട്രസ്റ്റിന്റെ മറവില്‍ വൃദ്ധയുടെ ഭൂമി തട്ടിയെടുത്തതായി പരാതി

കൊച്ചി: സത്യസായി ബാബ ട്രസ്റ്റിന്റെ മറവില്‍ വൃദ്ധയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തതായി വനിതാ കമ്മീഷനില്‍ പരാതി. ആലുവ സ്വദേശിനിയായ 87കാരിയുടെ 12 സെന്റ് സ്ഥലമാണ് സത്യസായി ബാബ ട്രസ്റ്റിലേക്കെന്ന് പറഞ്ഞ് തട്ടിയെടുത്തതെന്നാണ് പരാതി. ആലുവ നഗരത്തിനുള്ളിലെ സ്ഥലമായതിനാല്‍ നാല് കോടിയോളം വിലമതിക്കുന്ന സ്ഥലമാണ് സ്വകാര്യ വ്യക്തി അന്യായമായി എഴുതി വാങ്ങിയത്. പരാതി പരിശോധിച്ച കമ്മീഷന്‍ ഭൂമി മറിച്ചുവില്‍ക്കുന്നത് തടഞ്ഞ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ ഒറ്റയ്ക്ക് താമസിക്കുന്ന ഇവര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ പോലിസിനോട് നിര്‍ദേശിച്ചു.
2000ത്തില്‍ സത്യസായി ബാബയ്ക്ക് തന്റെ പേരിലുള്ള ഭൂമി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി എഴുതി നല്‍കാന്‍ സ്ത്രീ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ അതിന് സമയമായിട്ടില്ലെന്നും പിന്നീടാവാമെന്നും പറഞ്ഞ് സത്യസായി ബാബ ഭൂമി ദാനത്തില്‍ നിന്ന് ഇവരെ പിന്തിരിപ്പിച്ചു. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമി ഏറ്റെടുക്കാന്‍ സമയമായെന്ന് കാണിച്ച് സത്യസായി ബാബ ട്രസ്റ്റിന്റെ പേരില്‍ വൃദ്ധയുടെ ഭൂമി സ്വകാര്യ വ്യക്തി സ്വന്തം പേരില്‍ എഴുതി വാങ്ങി. ആലുവ യുസി കോളജിലെ മുന്‍ പ്രഫസറാണ് തട്ടിപ്പിന് പിന്നിലെന്ന് പരാതിക്കാരി കമ്മീഷനെ ബോധിപ്പിച്ചു. സഹോദരങ്ങള്‍ക്ക് 50,000 രൂപ വീതം നല്‍കണമെന്നും തനിക്ക് മാസം 10,000 രൂപ ചെലവിന് നല്‍കുകയും സ്ഥലത്ത് മരണംവരെ താമസിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സ്ത്രീയുടെ ആവശ്യം. മാത്രമല്ല സ്വത്ത് സത്യസായിബാബയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രമാണം ചെയ്യാനാണ് അവര്‍ ആഗ്രഹിച്ചതും. എന്നാല്‍ ഇതൊന്നും നടന്നില്ല.
സത്യസായിബാബയുടെ പേരിലെന്ന വ്യാജേന ഒരു പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ പേരില്‍ സ്ഥലം കൈവശപ്പെടുത്തുകയും ഇവിടെ മൂന്നുനിലക്കെട്ടിടം പണിയുകയും ചെയ്തു. 2006 മുതല്‍ ഈ പബ്ലിക്കേഷന്‍ സൊസൈറ്റി നിലവിലില്ല.
സായിബാബയുടേതെന്ന പേരില്‍ നടത്തുന്ന ഒരു ഓര്‍ഗനൈസേഷന്റെ സംസ്ഥാന ഭാരവാഹിയാണ് സ്ഥലം തട്ടിയെടുത്തത്. സായി ഭക്തരായ നിരവധി പേരെ എതിര്‍കക്ഷി പറ്റിച്ചിട്ടുള്ളതായി പരാതിയിലുണ്ട്. കെട്ടിടത്തിന്റെ ഒരു മൂലയിലാണ് നിലവില്‍ അവര്‍ താമസിക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം തനിച്ച് താമസിക്കുന്ന ഇവര്‍ക്ക് രണ്ടു സഹോദരന്‍മാരാണ് സഹായത്തിനുള്ളത്. പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത ഇവരെ സഹോദരനാണ് വനിതാ കമ്മീഷനില്‍ എത്തിച്ചത്. യഥാര്‍ഥ സത്യസായി ബാബ ട്രസ്റ്റിനല്ല ഭൂമി ലഭിച്ചിരിക്കുന്നത്, അതിനാല്‍ വൃദ്ധയെ കബളിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

RELATED STORIES

Share it
Top