സത്യസരണിയിലും ഗ്രീന്‍വാലിയിലും പോലിസ് പരിശോധന

മഞ്ചേരി: മതപഠന കേന്ദ്രങ്ങളായ മഞ്ചേരിയിലെ സത്യസരണി ട്രസ്റ്റ് കാര്യാലയത്തിലും ഗ്രീന്‍വാലിയിലും പുത്തനത്താണി മലബാര്‍ ഹൗസിലും  പോലിസ് സംഘത്തിന്റെ പരിശോധന.
എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിലായിരുന്നു പോലിസ് മഞ്ചേരി ചെരണിയിലെ സത്യസരണിയിലും കാരാപറമ്പ് ഞാവലിങ്ങലിലെ ഗ്രീന്‍വാലിയിലും എത്തിയത്. രാവിലെ 11ന് എത്തിയ സംഘം ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ വെറുംകൈയോടെ മടങ്ങി.
മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം രണ്ടിടത്തും പരിശോധന. മഞ്ചേരി, വണ്ടൂര്‍, മലപ്പുറം സിഐമാരും പോലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരും സംഘത്തിലുണ്ടായിരുന്നു. സംസ്ഥാനവ്യാപകമായി നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന എന്നാണ് പോലിസ് നല്‍കിയ വിവരം.
ഇരുസ്ഥാപനങ്ങളിലെയും അന്തേവാസികളെക്കുറിച്ചും സന്ദര്‍ശകരുടെ വിവരങ്ങളുമാണ്  പ്രധാനമായും പരിശോധിച്ചത്. എന്നാല്‍, സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല.
ഇസ്‌ലാം മതപഠന കേന്ദ്രങ്ങളില്‍ അനാവശ്യ പരിശോധന നടത്തി സമൂഹത്തിനു മുന്നില്‍ തെറ്റായ ധാരണകള്‍ പരത്തുകയാണ് പോലിസെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി പി റഫീഖ് ആരോപിച്ചു. അനാവശ്യമായ പരിശോധനകളാണ് പോലിസ് നടത്തുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top