സത്യത്തിനുവേണ്ടി നില്‍ക്കുന്നവരെ സഭ ക്രൂശിക്കുന്നു: സിസ്റ്റര്‍ അനുപമ

കോട്ടയം: സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകള്‍ക്കെതിരേ സഭ പ്രതികാരനടപടി സ്വീകരിക്കുന്നതിനെ എതിര്‍ത്ത് സമരത്തിന് നേതൃത്വം നല്‍കിയ കന്യാസ്ത്രീകള്‍ രംഗത്തെത്തി.
സമരത്തില്‍ പങ്കെടുത്ത മാനന്തവാടി സിറോ മലബാര്‍ രൂപതയിലെ കാരയ്ക്കാമല മഠത്തിലെ അന്തേവാസിയായ സിസ്റ്റര്‍ ലൂസിയെ ഇടവകയിലെ ഉത്തരവാദിത്തങ്ങളില്‍നിന്ന് സഭ മാറ്റിനിര്‍ത്തിയതിനെതിരെയാണ് സിസ്റ്റര്‍ അനുപമ അടക്കമുള്ളവര്‍ രംഗത്തെത്തിയത്.സത്യത്തിനുവേണ്ടി നില്‍ക്കുന്നവരെ സഭ ക്രൂശിക്കുന്നതെന്തിനാണ്. തങ്ങള്‍ ക്കെതിരേ പ്രതികാരനടപടികള്‍ പ്രതീക്ഷിക്കുന്നു. നടപടികള്‍ ഉണ്ടായാല്‍ പ്രതിഷേധിക്കുന്നത് സംബന്ധിച്ച് അപ്പോള്‍ തീരുമാനിക്കും. എന്തിനാണ് സഭ ഇങ്ങനെ ചെയ്യുന്നതെന്നും സിസ്റ്റര്‍ അനുപമ ചോദിക്കുന്നു.
അതേസമയം കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച പുരോഹിതനെതിരെയും സഭയുടെ താക്കീതുണ്ടായി. യാക്കോബായ സഭാ വൈദികന്‍ യൂഹാനോന്‍ റമ്പാനാണ് സഭ താക്കിത് നല്‍കിയത്. പാത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
എന്നാല്‍ ഇതിനെതിരേ വൈദികന്‍ യൂഹാനോന്‍ റമ്പാനും രംഗത്തെത്തിയിട്ടുണ്ട്. സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ അച്ചടക്കനടപടി ഉണ്ടായാല്‍ അതിനെ ഭയക്കുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സമരത്തില്‍ പങ്കെടുക്കുത്തതിനെയല്ല ചര്‍ച്ച് ആക്റ്റ് നടപ്പാക്കണമെന്ന് പറയുന്നതിനെയാണ് സഭ ഭയപ്പെടുന്നത്. സഭയ്ക്കുവേണ്ടിയും സമൂഹത്തിന് വേണ്ടിയും ജീവിതം ത്യജിച്ചവരാണ് താന്‍ അടക്കമുള്ള വൈദികര്‍.
എന്നാല്‍ സഭയില്‍ നടക്കുന്നതെന്താണെന്ന് പാത്രിയാര്‍ക്കീസ് ബാവയെ നേരിട്ടോ അല്ലാതെയോ അറിയിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

RELATED STORIES

Share it
Top