സത്യഗ്രഹ സമരം രാഷ്ട്രീയ തട്ടിപ്പെന്ന് സിപിഎം

താമരശ്ശേരി: ചുരംറോഡ് ഗതാഗത യോഗ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നു എന്നാരോപിച്ച് മുന്‍ എംഎല്‍എയും മുസ്‌ലീംലീഗ് നേതാവുമായ സി മോയിന്‍കുട്ടി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രാഷ്ട്രീയ തട്ടിപ്പാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി . അതിശക്തമായ കാലവര്‍ഷത്തിന്റെ ഫലമായി മൂന്ന്, അഞ്ച്, എട്ട് ഹെയര്‍പിന്‍ വളവുകള്‍ തകര്‍ന്നു എന്നതും, ഇക്കഴിഞ്ഞ ക്രിസ്മസിന്റെ തൊട്ടുമുന്‍പുള്ള ഡിസംമ്പര്‍ 23നും, 24നും വാഹനങ്ങളുടെ ക്രമാതീതമായ തിരക്ക് മൂലം ഗതാഗതം തടസ്സപ്പെട്ടു എന്നതും വസ്തുതയാണ്. എന്നാല്‍, ചുരം അറ്റകുറ്റ പണികള്‍ നടത്തുന്നതിന് പൊതുമരാമത്ത്‌വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുക്കുകയും സംസ്ഥാനത്തെ ദേശീയപാത അറ്റകുറ്റ പണികള്‍ക്കുള്ള ബജറ്റ് ഹെഡില്‍പെടുത്തി 79 ലക്ഷം രൂപയുടെ ഭരണാനുമതി 1.11.2017ന് നല്‍കുകയും, 15.11.2017ന് സാങ്കേതിക അനുമതി നല്‍കി 16.11.2017ന് ടെന്‍ഡര്‍ വിളിച്ചതുമാണ്. എന്നാല്‍ ആരും ടെന്‍ഡറില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് വീണ്ടും 30.11.2017 ടെന്‍ഡര്‍ വിളിച്ചു. അതിലും ആരും പങ്കെടുക്കാത്തതിനാല്‍ 15.12.2017ന് മൂന്നു തവണ ടെന്‍ഡര്‍ ക്ഷണിച്ചു. അതില്‍ പങ്കെടുത്ത മലപ്പുറത്തെ രാജീവ് എന്നയാള്‍ക്ക് ടെന്‍ഡര്‍ ഉറപ്പിച്ച് 27.12.2017ന് പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്തു. അടിയന്തിര അറ്റകുറ്റ പണികള്‍ക്ക് പുറമെ മൂന്ന്, നാല്്, അഞ്ച് എന്നീ ഹെയര്‍പിന്‍ വളവുകള്‍ സിമന്റ് ടൈല്‍സ് പാകി പരിഷ്‌കരണ പ്രവര്‍ത്തികള്‍ ഉടനെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സാധ്യമായവിധം വീതികൂട്ടി റോഡ് പ്രവര്‍ത്തി അഭിവൃദ്ധിപെടുത്താനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. ശാശ്വത പരിഹാരം എന്ന നിലയില്‍ ടണല്‍ റോഡുകളുടെ സാധ്യതാ പഠനവും നടന്നുവരുന്നുണ്ട്. ഇങ്ങിനെയെല്ലാമുള്ള നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുകയും, റോഡ് പരിഷ്‌കരണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തതിന് ശേഷം മോയിന്‍കുട്ടി നടത്തുന്ന സമരം അനാവശ്യവും, രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതുമാണെന്ന് വ്യക്തമാണ്. ഇത് സംബന്ധമായ വസ്തുതകളാകെ ജനങ്ങള്‍ മനസ്സിലാക്കണമെന്നും, സമരത്തെ അവജ്ഞയോടെ തള്ളികളയണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

RELATED STORIES

Share it
Top