സത്യഗ്രഹവുമായി മെഡിക്കല്‍ കോളജ് ആശുപത്രി ദിവസവേതന തൊഴിലാളികള്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രയിലെ ശുചീകരണം വിഭാഗം പഴയകാല ദിവസവേതന തൊഴിലാളികള്‍ ജോലിയില്‍ നിശ്ചിത പരിഗണന ആവശ്യപ്പെട്ടു ഇന്ന് രാവിലെ 10ന് കലക്ട്രേറ്റില്‍ സൂചനാ സത്യാഗ്രഹ സമരത്തില്‍. പഴയ കാല തൊഴിലാളികളുടെ സംഘടനയായ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് സമരപരിപാടി. 35 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വര്‍ഷങ്ങളോളം മൂന്നു മാസം ഇടവിട്ട് ജോലി ചെയ്തുവന്നിരുന്ന 250ഓളം തൊഴിലാളികളെ ഒരു വര്‍ഷത്തിലധികമായി ജോലിയില്‍ ഒട്ടും  പരിഗണിക്കാത്ത സാഹചര്യത്തില്‍ പഴയ കാല തൊഴിലാളികള്‍ക്ക് ജോലിയില്‍ നിശ്ചിത പരിഗണന ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സൂചനാ സമരം നടത്തുന്നത്. ഒരാഴ്ചക്കുള്ളില്‍ പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ കലട്രേറ്റിനു മുന്നില്‍ ഈ മാസം 21ന് വീണ്ടും അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഒരു കാലഘട്ടത്തില്‍ ആരും മുന്നിട്ടിറങ്ങി ചെയ്യാന്‍ അറയ്ക്കുന്ന ജോലികള്‍ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിച്ച തൊഴിലാളികളെ മാറിയ വേതന വ്യവസ്ഥയിലും വര്‍ധിച്ച സൗകര്യങ്ങളുടെ അടിസ്ഥാനത്തിലും ജോലിയില്‍ നിന്നും തഴയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ സതീഷ് പാറന്നൂരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയാണ് തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നടത്തുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇവിടെ ജോലിക്ക് വരുന്നത്. മലിന്യങ്ങള്‍ വൃത്തിയാക്കല്‍, ശുചി മുറി വൃത്തിയാക്കുക, സര്‍ജറിക്കു ശേഷം തിയറ്റര്‍ വൃത്തിയാക്കുക തുടങ്ങി ആരും ചെയ്യാന്‍ അറയ്ക്കുന്ന ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഇവരുടെ സേവനം കൃത്യമായി നടക്കുന്നതിനാലാണ് പൊതുജനത്തിന് ആശുപത്രിയില്‍ മൂക്കുപൊത്താതെ നടക്കുന്നത്. ഇന്ന് ഈ മേഖലയിലെ ഒട്ടുമിക്ക തൊഴിലാളികളും രോഗികളും നിരാശ്രയരുമാണ്. 60 വയസ്സ് വരേയെങ്കിലും ഈ ജോലിയില്‍ ഒരു പരിഗണന ഉറപ്പാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍, ആശുപത്രി സുപ്രണ്ടുമാര്‍ എന്നിവര്‍ക്ക് നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും യാതൊരു നടപടികളുണ്ടായിട്ടില്ലെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നു. രാഷ്ട്രീയ കക്ഷിരഹിതമായ ഒരു സത്യാഗ്രഹ സമരമാണ് സംഘാടകര്‍ ആസൂത്രണം ചെയ്യുന്നത്. ഇതു സംബന്ധിച്ച യോഗത്തില്‍ പ്രസിഡണ്ട് വി എം സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ യു ശശിധരന്‍, വേലായുധന്‍ വേട്ടാത്ത്, സുരേഷ് പുനൂര്‍ , കെ എം കല്യാണി, ടി വി തങ്കമണി,  ഫൗസിയ, ഇ എം ശാന്ത, വിമല മാവൂര്‍ , കെ ടി വിമല സംസാരിച്ചു.

RELATED STORIES

Share it
Top