സഞ്ജു വി സാംസണ്‍ വിവാഹിതനാവുന്നു

തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം സഞ്ജു വി സാംസണ്‍ വിവാഹിതനാവുന്നു. ഫേസ്ബുക്കില്‍ ഭാവി വധുവിന്റെ ചിത്രം പങ്കുവച്ചാണ് സഞ്ജു വിവാഹകാര്യം വെളിപ്പെടുത്തിയത്. അഞ്ച് വര്‍ഷം മുമ്പ് പരിചയപ്പെട്ട ചാരുവിനെയാണു സഞ്ജു മിന്നുകെട്ടുക. ത ന്റെ പ്രണയം രസകരമായ ഒരു കുറിപ്പായാണു സഞ്ജു ലോകത്തെ അറിയിച്ചത്. 2013 ആഗസ്ത് 22, 11:11നാണ് താന്‍ ആദ്യമായി അവള്‍ക്കൊരു 'ഹായ്' എന്ന സന്ദേശം വിട്ടത്. തങ്ങളൊരുമിച്ച് ഒരുപാട് സമയം ചെലവഴിച്ചെങ്കിലും ഒരുമിച്ച് പരസ്യമായി നടക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ അതാവാം. തങ്ങളുടെ ബന്ധം സന്തോഷത്തോടെ സ്വീകരിച്ച ഇരുകുടുംബങ്ങള്‍ക്കും ഒരുപാട് നന്ദി-എന്നായിരുന്നു സഞ്ജുവിന്റെ കുറിപ്പ്. മാര്‍ ഇവാനിയോസ് കോളജില്‍ പഠിക്കുന്ന കാലത്താണ് ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നത്. തിരുവനന്തപുരം വെങ്ങാനൂരില്‍ താമസിക്കുന്ന സഞ്ജു ഡല്‍ഹി പോലിസില്‍ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥന്‍ സാംസണിന്റെയും ലിജിയുടെയും മകനാണ്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയും മാതൃഭൂമി തിരുവനന്തപുരം യൂനിറ്റ് സീനിയര്‍ ന്യൂസ് എഡിറ്ററുമായ ബി രമേഷ് കുമാറിന്റെയും എല്‍ഐസി തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസിലെ പി ആന്റ്ജിഎസ് വിഭാഗം ഡിവിഷനല്‍ മാനേജര്‍ ആര്‍ രാജശ്രീയുടെയും മകളാണ് ചാരു. ഡിസംബര്‍ 22നു തിരുവനന്തപുരത്താണു വിവാഹം. ഐപിഎല്ലില്‍ രാജസ്ഥാ ന്‍ റോയല്‍സ് ടീം അംഗമായ സഞ്ജു ഇന്ത്യ എ ടീമില്‍ കളിക്കുന്നുണ്ട്.

RELATED STORIES

Share it
Top