സഞ്ജു ആഞ്ഞടിച്ചിട്ടും കേരളം തോറ്റു
വിഴിനഗരം: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ട്രോഫിയില്‍ കേരളത്തിന് വീണ്ടും തോല്‍വി. സഞ്ജു സാംസണും (71) വിഷ്ണു വിനോദും (46) മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കര്‍ണാടകയ്ക്ക് മുന്നില്‍ 20 റണ്‍സിന് കേരളം തോല്‍വി സമ്മതിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കേരളത്തിന്റെ പോരാട്ടം 19.2 ഓവറില്‍ 161 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് സ്വപ്‌നതുല്യമായ തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 41 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറുകളും പറത്തിയാണ് സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. കേരള നിരയില്‍ ആറ് താരങ്ങള്‍ രണ്ടക്കം കാണാതെ മടങ്ങി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രവീണ്‍ ഡു ബെ, രണ്ട് വിക്കറ്റ് വീഴ്ത്തിയ വിനയ് കുമാര്‍ എന്നിവരുടെ ബൗളിങാണ് കേരളത്തിനെ തകര്‍ത്തത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകയ്ക്ക് കരുത്തായത് മായങ്ക് അഗര്‍വാളിന്റെ (86) വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ്. 53 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെട്ടതാണ് അഗര്‍വാളിന്റെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി കെ എം ആസിഫ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് വാര്യരും അഭിഷേക് മോഹനനും ഓരോ വിക്കറ്റ് വീതവും പങ്കിട്ടു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ കേരളത്തിന്റെ അവസാന മല്‍സരമായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് കേരളത്തിന് സ്വന്തമാക്കാനായത്.

RELATED STORIES

Share it
Top