സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്: ഹരജി തള്ളി

ന്യൂഡല്‍ഹി: മോദിവിമര്‍ശകനായ ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തതിനെതിരേ ഭാര്യ ശ്വേതാ ഭട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. 20ലേറെ വര്‍ഷം പഴക്കമുള്ള കേസിന്റെ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരിക്ക് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാമെന്നും ഭട്ടിന് ജാമ്യത്തിന് അവകാശമുണ്ടെന്നും കോടതി അറിയിച്ചു.
1996ല്‍ ബനാസ്‌കന്ത ജില്ലാ പോലിസ് സൂപ്രണ്ടായിരിക്കെ അഭിഭാഷകനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് സഞ്ജീവ് ഭട്ടിനെ കഴിഞ്ഞമാസം അഞ്ചിന് അറസ്റ്റ് ചെയ്തത്.
കേസ് നേരത്തേ അന്വേഷിച്ചുകഴിഞ്ഞതാണെന്നും നടപടികള്‍ സുപ്രിംകോടതി തന്നെ സ്‌റ്റേ ചെയ്തതാണെന്നും ഹരജിക്കാര്‍ വാദിച്ചെങ്കിലും സുപ്രിംകോടതി പരിഗണിച്ചില്ല. ഏറെക്കാലം ചിതലരിച്ചുകിടന്ന കേസ് ഈ ഘട്ടത്തില്‍ കുത്തിപ്പൊക്കിയതിനു പിന്നില്‍ പ്രതികാര രാഷ്ട്രീയമുണ്ടെന്നത് ഉള്‍പ്പെടെയുള്ള ഹരജിക്കാരുടെ വാദങ്ങളും കോടതി പരിഗണിച്ചില്ല. കഴിഞ്ഞതവണ കേസ് പരിഗണിക്കവെ, സുപ്രിംകോടതിയെ സമീപിക്കുന്നതില്‍ നിന്ന് ഗുജറാത്ത് പോലിസ് വിലക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഹരജിക്കാരി ഉന്നയിച്ചിരുന്നു. ആരോപണം ശരിയാണെങ്കില്‍ സംഭവം വളരെ ഗൗരവമേറിയതാണെന്നും ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇന്നലെ കേസ് പരിഗണിക്കവെ ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ രോഹത്ഗി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ഗുജറാത്ത് കലാപസമയം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് അതില്‍ പങ്കുണ്ടെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു മുതല്‍ ഭട്ട് ബിജെപിയുടെയും മോദിയുടെയും അപ്രീതിക്ക് ഇരയായിരുന്നു.

RELATED STORIES

Share it
Top