സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് ജില്ലയില്‍മാനന്തവാടി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് ജില്ലയിലെത്തി. ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ച് ഫലം ഉടന്‍ ലഭ്യമാക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ശബരിമല സീസണ്‍ സമയത്താണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ രണ്ടു സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലാബ് ഒരുക്കിയത്. ശബരിമല സീസണ്‍ കഴിഞ്ഞതോടെ ഈ വാഹനങ്ങള്‍ ജില്ലയിലുടനീളം സഞ്ചരിച്ച് ഭക്ഷണസാധനങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. പാല്‍, ചായപ്പൊടി, വെളിച്ചെണ്ണ, വിവിധ കറി പൗഡറുകള്‍, വെള്ളം എന്നിവയുടെ പരിശോധനാ ഫലം ഉടന്‍ തന്നെ ലഭിക്കും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നു ശേഖരിക്കുന്ന സാംപിളുകളാണ് ഈ ലാബില്‍ പരിശോധിക്കുന്നത്. കൂടുതല്‍ പരിശോധന വേണ്ട സാധനങ്ങള്‍ റീജ്യനല്‍ അനലിറ്റിക്കല്‍ ലബോട്ടറിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. രണ്ടു ടെക്‌നീഷ്യന്‍മാര്‍, ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരാണ് ഉള്ളത്. ശീതീകരിച്ച വാഹനത്തില്‍ മായവും വിഷാംശവും തിരിച്ചറിയാന്‍ കഴിയുന്ന ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ മാത്രം മാനന്തവാടിയില്‍ 16ഓളം സാംപിളുകളാണ് പരിശോധിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ വാഹനം ജില്ലയിലെത്തും. ഇത് ആദ്യമായാണ് സഞ്ചരിക്കുന്ന പരിശോധനാ ലാബ് ജില്ലയിലെത്തിയത്. 27, 29 തിയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പരിശോധന നടത്തും. ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ പ്രദീപ് കുമാര്‍, ഡോ. വി എസ് ശ്രീഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

RELATED STORIES

Share it
Top