സജി ബഷീറിന് നിയമനം: വിധിയെ സര്‍ക്കാര്‍ ചോദ്യം ചെയ്യും

കൊച്ചി/തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന് പുനര്‍നിയമനം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് പുനപ്പരിശോധനാ ഹരജി നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശിച്ചതിനാല്‍ സജി ബഷീറിനെ കെല്‍പാം മാനേജിങ് ഡയറക്ടറായി നിയമിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെതിരേ സജി ബഷീര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നിയമന ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സജി ബഷീറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന് നാളെ കേസ് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദനവും മറ്റ് സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെയും തുടര്‍ന്നുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ സജി ബഷീറിനെ സര്‍ക്കാര്‍ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. തുടര്‍ന്നാണ് മെമ്മോയോ കുറ്റപത്രമോ നല്‍കാതെ മൂന്ന് മാസത്തിലധികം സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് നിയമവിരുദ്ധമാണെന്നും ഉടനടി സര്‍വീസില്‍ പുനര്‍ നിയമനം നല്‍കണമെന്നുമാവശ്യപ്പെട്ട് സജി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, സജി ബഷീറുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍ നിര്‍ദേശിച്ചു. സജി ബഷീറിനെ നിയമിക്കരുതെന്നും സിആപ്റ്റിലേക്ക് മടക്കി അയക്കണമെന്നും താന്‍ ഫയലില്‍ കുറിച്ചിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. എന്നിട്ടും സജി ബഷീറിനെ എങ്ങനെ കെല്‍പാം എംഡിയായി നിയമിച്ചു എന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ വ്യവസായ വകുപ്പിലും കോടതിയിലുമുണ്ടായ വീഴ്ചയ്‌ക്കെതിരേ സര്‍ക്കാര്‍ ഭരണപരമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സജി ബഷീറിനെതിരായ ഫയലുകള്‍ കോടതിയില്‍ ഹാജരാക്കാതിരുന്നതാണ് തിരിച്ചെടുക്കാനുള്ള ഉത്തരവിന് കാരണമായതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേസമയം സജി ബഷീര്‍ ഇന്നലെ കെല്‍പാം എംഡിയായി ചുമതലയേല്‍ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഓഫിസില്‍ എത്തിയില്ല.

RELATED STORIES

Share it
Top