സജി ചെറിയാന് കോടിയേരിയുമായി കോടികളുടെ ഭൂമി ഇടപാട് സ്വത്ത്‌വിവരം മറച്ചുവച്ച് സത്യവാങ്മൂലം

എ ജയകുമാര്‍
ചെങ്ങന്നൂര്‍: കോടികളുടെ സ്വത്ത്‌വിവരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചതായി പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചേര്‍ന്ന് അമ്പലപ്പുഴ താലൂക്കിലും വെണ്‍മണിയിലും വാങ്ങിക്കൂട്ടിയ സ്വത്തുക്കളെപ്പറ്റി വെളിപ്പെടുത്താതെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.
ആലപ്പുഴ റീഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ എന്ന സംഘടനയുടെ മറവിലാണ് കോടികളുടെ സ്വത്തുക്കള്‍ സജി ചെറിയാന്‍ വാരിക്കൂട്ടിയത്. ഈ സംഘടനയ്‌ക്കെന്ന വ്യാജേന 1.23 കോടി രൂപ മുടക്കി അമ്പലപ്പുഴ താലൂക്കില്‍ വാങ്ങിയ 23 സെന്റ് വസ്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സജി ചെറിയാന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പേരിലാണ്. ഈ സംഘടനയുടെ ഭരണസമിതിയില്‍ 23 പേരുണ്ടെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ ഇതില്‍ അംഗമല്ല. എന്നിട്ടും കോടിയേരിയുടെ പേരില്‍ വസ്തു വാങ്ങിയതാണ് ദുരൂഹത കൂട്ടുന്നത്.
വെണ്‍മണി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും സജി ചെറിയാന്റെയും കോടിയേരി ബാലകൃഷ്ണന്റേയും പേരില്‍ കോടികള്‍ വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമിയുണ്ട്. ഇതും സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവച്ചിരിക്കുകയാണ്. പാര്‍ട്ടി ഓഫിസുകള്‍ക്കായി വാങ്ങിയ ഭൂമിക്ക് പുറമെയാണ് ഇരുവരുടെയും സ്വന്തം പേരില്‍ ഭൂമി വാങ്ങിയിരിക്കുന്നത്. സജി ചെറിയാന്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് 30,84,000 രൂപയുടെ വസ്തു മാത്രമാണു സ്വന്തം പേരിലുള്ളത്. എന്നാല്‍ മറച്ചുവച്ച ഭൂമിയുടെ മൂല്യം തന്നെ 2 കോടിയോളം വരും.
സത്യവാങ്മൂലത്തില്‍ ക്രമക്കേട് നടത്തിയ സജി ചെറിയാന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടിക്കെതിരേ ബിജെപിയും യുഡിഎഫും പ്രതിഷേധിച്ചു. വരണാധികാരി സിപിഎം നേതാവിനെപ്പോലെയാണ് പെരുമാറുന്നതെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ സോമന്‍ പറഞ്ഞു.
ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച വരണാധികാരിക്കെതിരേ കേന്ദ്ര ഒബ്‌സര്‍വര്‍ക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന എ കെ ഷാജിയും പരാതിനല്‍കി. എ കെ ഷാജിക്കു വേണ്ടി അഡ്വ. സുനിത വിനോദ്, അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്കു വേണ്ടി അഡ്വ. ജെ ആര്‍ പത്മകുമാര്‍, അഡ്വ. ഹരികൃഷ്ണന്‍ എന്നിവര്‍ സൂക്ഷ്മപരിശോധനയ്ക്ക് ഹാജരായി.
എ കെ ഷാജി നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണു സജി ചെറിയാന്റെ അനധികൃത സ്വത്തിനെപ്പറ്റിയുള്ള വിവരങ്ങളുള്ളത്. വിവിധ സ്ഥലങ്ങളില്‍ സജി ചെറിയാന്റെ പേരിലുള്ള വസ്തുക്കളുടെ ആധാരവും വരണാധികാരിക്കു മുമ്പില്‍ ഹാജരാക്കിയിരുന്നു.
നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ മുഴുവന്‍ സ്വത്തു വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിരവധി ഉത്തരവുകളുള്ളതാണ്.

RELATED STORIES

Share it
Top