സജി ചെറിയാന് ആര്‍എസ്എസിന്റെ വോട്ട് വേണ്ട: കോടിയേരി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന് ആര്‍എസ്എസ് വോട്ട് വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റേതടക്കം ആരുടെ വോട്ടും വാങ്ങാമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. തങ്ങള്‍ക്ക് ആര്‍എസ്എസ് വോട്ട് വേണ്ടെന്നത് മുമ്പേയുള്ള നിലപാടാണ്. മതതീവ്രവാദികളുടെ വോട്ടും തങ്ങള്‍ക്ക് വേണ്ട. സിപിഎമ്മും സിപിഐയും രണ്ടു പാര്‍ട്ടികളാണ്. അതിനാല്‍, സിപിഐക്ക് അവരുടെ നിലപാട് പറയാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ പി സതീശന്‍ സിപിഎം അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സഹോദരന്‍ പി ശശിയുമായിപ്പോലും സതീശന് വര്‍ഷങ്ങളായി ബന്ധമില്ല. തട്ടിപ്പുകാര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top