സചിന്റെ റെക്കോഡിനെ മറികടക്കുമോ കുക്ക്? കുക്കിന്റെ അപരാജിത സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നുമെല്‍ബണ്‍: മികച്ച രീതിയില്‍ ബാറ്റു വീശിയിരുന്ന ആസ്‌ത്രേലിയയുടെ ആദ്യ ഇന്നിങ്‌സ് പോരാട്ടം  327 റണ്‍സിലവസാനിപ്പിച്ച ഇംഗ്ലണ്ടിന് മറുപടിയില്‍ മികച്ച തുടക്കം. മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറി മികവില്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി വീരന്‍ അലിസ്റ്റര്‍ കുക്കും (104*) ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടുമാണ് (49*) ക്രീസില്‍. മൂന്നിന് 244 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച ആസ്‌ത്രേലിയയ്ക്ക് 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ടിരുന്ന ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ(76) നഷ്ടമായി. ടെസ്റ്റിലെ അരങ്ങേറ്റക്കാരന്‍ ടോം കുറാന്റെ പന്തില്‍ സ്മിത്ത് വിക്കറ്റില്‍ കുരുങ്ങുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ വീണ്ടുമൊരു 17 റണ്‍സ് കൂടി തെളിയുന്നതിനിടയില്‍ ക്രീസില്‍ അധികം വാഴാന്‍ അനുവദിക്കാതെ മിച്ചല്‍ മാര്‍ഷിനെ (9) വോക്‌സ് മടക്കി. പിന്നീട് വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിനെ കൂട്ടു പിടിച്ച ഷോണ്‍ മാര്‍ഷ് ഓസീസിന്റെ സ്‌കോറിങ് കൂട്ടുന്നതില്‍ നിര്‍ണായകമായി. പക്ഷേ, 110ാം ഓവര്‍ എറിയാന്‍ ജോ റൂട്ട് ബ്രോഡിനെ ഏല്‍പിച്ചപ്പോള്‍ അത് ഷോണ്‍ മാര്‍ഷിന്റെ പവലിയനിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുക്കുമെന്ന് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ കരുതിയില്ല. മികച്ച ഫോമിലേക്ക് ഉയര്‍ന്നിരുന്ന ഷോണ്‍ മാര്‍ഷ് 61 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് മാര്‍ഷിനെ എല്‍ ബിയില്‍ കുരുക്കുകയായിരുന്നു. നേരിയ ചെറുത്തു നില്‍പിന് ശ്രമിച്ച ടീം പെയ്‌നും(24) മടങ്ങി. പിന്നീടെത്തത്തിയ ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും ഇംഗ്ലണ്ട് കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നില്ല. ക്രീസിലെത്തിയ പാറ്റ് കുമ്മിന്‍സും(4) ജാക്‌സണ്‍ ബേര്‍ഡും(4) നഥാന്‍ ലിയോണും(0) വന്നതുപോലെ പവലിയനിലേക്ക് മടങ്ങിയതോടെ ഓസീസിന്റെ ആദ്യ ഇന്നിങ്‌സ് പോരാട്ടം 327 റണ്‍സില്‍ അവസാനിച്ചു. ഹെയ്‌സല്‍വുഡ് ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലീഷ് ബൗളര്‍മാരില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് നാലും ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്നും ക്രിസ് വോക്‌സ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്  ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും സ്‌കോര്‍ 35 ല്‍ നില്‍ക്കേ  15 റണ്‍സെടുത്ത സ്റ്റോണ്‍മാനെ നഷ്ടമായി. നഥാന്‍ ലിയോണിന്റെ മികച്ച  റിട്ടേണ്‍ ക്യാച്ചില്‍ പുറത്താകാനായിരുന്നു സ്റ്റോണ്‍മാന്റെ വിധി. അലിസ്റ്റര്‍ കുക്കിന് കൂട്ടായി പിന്നീട് വന്ന ജെയിംസ് വിന്‍സ് കുക്കുമായി മികച്ച കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും സ്‌കോര്‍ബോര്‍ഡില്‍  80 തെളിഞ്ഞപ്പോള്‍ 17 റണ്‍സെടുത്ത വിന്‍സിനെ ഹെയ്‌സില്‍വുഡ് എല്‍ ബിയില്‍ കുരുക്കി. പക്ഷേ ഇംഗ്ലീഷ് ക്യാപ്റ്റനെ കൂട്ടുപിടിച്ച കുക്ക് തന്റെ 31ാം സെഞ്ച്വറിയും തികച്ചു. പിന്നീട് ക്യാപ്റ്റനും മുന്‍ ക്യാപ്റ്റനും ചേര്‍ന്ന് അപരാജിതരായി ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചപ്പോള്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 192ലെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

RELATED STORIES

Share it
Top