സചിന്റെ കന്നി പ്രസംഗം തടസ്സപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ തന്റെ കന്നി പ്രസംഗത്തിനു തയ്യാറായ സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ബഹളത്തെ തുടര്‍ന്നു സംസാരം പൂര്‍ത്തിയാക്കാനായില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പാകിസ്താന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ ബഹളം വച്ചതാണു സചിന് തിരിച്ചടിയായത്. പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ നിരവധി വിമര്‍ശനം നേരിട്ടിരുന്ന ക്രിക്കറ്റ് ഇതിഹാസം കളിക്കാനുള്ള അവകാശവും രാജ്യത്തെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്കായി നോട്ടീസ് നല്‍കിയിരുന്നു. കുട്ടികളുടെ കളിയവകാശത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച സചിന്റെ പ്രസംഗം, ബഹളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. സ്‌കൂള്‍ കരിക്കുലത്തില്‍ കായിക മേഖല ഉള്‍പ്പെടുത്തുക തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിക്കാനും സചിന് പദ്ധതിയുണ്ടായിരുന്നു. ബഹളം തീരാന്‍ 10 മിനിറ്റോളം കാത്തു നിന്നെങ്കിലും രാജ്യസഭാ അധ്യക്ഷന്റെ ശാസന വകവയ്ക്കാതെ കോ ണ്‍ഗ്രസ് എംപിമാര്‍ ബഹളം തുടര്‍ന്നതോടെ തചിന്‍ പിന്‍മാറുകയായിരുന്നു. ഭാരതരത്‌ന കിട്ടിയ വ്യക്തിയാണു സചിനെന്നും അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും അധ്യക്ഷന്‍ പറഞ്ഞു നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.

RELATED STORIES

Share it
Top