സഖാവ് ബാബുവിന്റെ കൊല സിപിഎം ആസുത്രണം ചെയ്തതെന്ന് ബിജെപി:അവകാശവാദത്തിന് പൊതുപരിപാടിയുടെ ചിത്രവും

കോഴിക്കോട്: പള്ളൂരിലെ സഖാവ് ബാബുവിന്റെ കൊല സിപിഎം ആസുത്രണം ചെയ്തതെന്ന് ബിജെപി. ബിജെപിയുമായി അടുത്ത കാലത്ത് ബാബു അടുപ്പം കാണിച്ചതാണ് കൊലയ്ക്ക് കാരണമെന്നും സംഘപരിവാര്‍ ഇളയമംഗലമെന്ന ഫെയ്‌സ് ബുക്ക് പേജില്‍ അവകാശപ്പെടുന്നു.പോസ്റ്റിലെ വിവരങ്ങള്‍ ചുവടെ:
ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയോട് അടുപ്പം കാണിച്ചു തുടങ്ങിയത് മുതല്‍ക്കായിരിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പലരുടെയും കണ്ണിലെ കരടായി മാറിയത്.ബിജെപി നേതാവ് പികെ കൃഷ്ണദാസുമായി ഇദ്ദേഹം വേദി പങ്കിടുകയും അദ്ദേഹത്തെ ബിജെപി ആദരിച്ചതും ഈ അടുത്ത കാലത്താണ്.ബിജെപിയുമായി അടുത്ത് കൊണ്ടിരുന്ന, ബിജെപിയുടെ വേദികളില്‍ നിരന്തരം പങ്കാളിത്തം ഉണ്ടായിരുന്ന ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യേണടിയിരുന്നത് ആരുടെ ആവശ്യമായിരുന്നിരിക്കും...? സമഗ്രവും , തീര്‍ത്തും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണ്. അതിപ്പോള്‍ സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ആയാലും , കേന്ദ്ര ഏജന്‍സികള്‍ ആയാലും.

എന്നാല്‍ ഈ ഫോട്ടോ ഒരു രാഷ്ട്രീയ പരിപാടിയുടേതായിരുന്നില്ല. തലശ്ശേരി  മാഹി ബൈപ്പാസിന്റെ മാഹി പ്രദേശത്ത് നിന്നും ഭൂമി നഷ്ട്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കിയതിന്റെ സന്തോഷം പങ്കുവെയ്ക്കാനും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കര്‍മസമിതി അംഗങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കാനുമായി സംഘടിപ്പിച്ച ചടങ്ങില്‍ നിന്നുള്ള ഫോട്ടോയാണ് ഇത്.
കണ്ണിപ്പൊയില്‍ ബാബുവായിരുന്നു ചടങ്ങില്‍ അദ്ധ്യക്ഷനായത്. കര്‍മ്മസമിതി പ്രതിനിധികള്‍ക്ക് ഉപഹാരം നല്‍കാന്‍ തീരുമാനിച്ചിരുന്ന മുഖ്യമന്ത്രിയും പുതുച്ചേരി എംപിയും സ്ഥലത്ത് എത്തിയില്ല. തുടര്‍ന്ന് വേദിയില്‍ സന്നിഹിതനായ പ്രദേശവാസിയായ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് കണ്ണിപ്പൊയില്‍ ബാബു അടക്കമുള്ളവര്‍ക്ക് ഉപഹാരം നല്‍കി. ഈ ചിത്രമാണ് ബാബു ബിജെപിയോട് അടുക്കുകയായിരുന്നു എന്ന നുണപ്രചാരണത്തിനായി ഉപയോഗിക്കുന്നത്.

RELATED STORIES

Share it
Top