സംസ്‌കാര സമ്പന്നത: കതിരും പതിരും

അശ്‌റഫ്  ശ്രമദാനി
അരുംകൊല അടക്കമുള്ള കുറ്റകൃത്യങ്ങളുടെ അന്താരാഷ്ട്ര നിലവാരമുള്ള രീതികളെയും കടത്തിവെട്ടുന്നുണ്ട് പ്രബുദ്ധൂസുകളായ നമ്മുടെ ഈ കൊച്ചുസംസ്ഥാനം ഇപ്പോള്‍. പ്രാകൃതമായ ക്രൂരത, പൈശാചികമായ ദയാരാഹിത്യം, മൃഗീയമായ ആക്രമണ സ്വഭാവം- എല്ലാം ഒത്തിണങ്ങിയ ലക്ഷണമൊത്ത അരുംകൊലകളാണ് ഇവിടം അരങ്ങേറുന്നത്. കുറ്റകൃത്യം നടപ്പാക്കുമ്പോള്‍ അതിന്റെ നിര്‍വാഹകര്‍ പ്രദര്‍ശിപ്പിക്കുന്ന സംഘബോധവും പ്രകടിപ്പിക്കുന്ന സന്തോഷവും അസാധാരണമായൊരു ദൃശ്യാനുഭവം തന്നെയാണ്. മുമ്പൊക്കെ ആള്‍ക്കൂട്ടം അപൂര്‍വം ചില കൈയാങ്കളികളൊക്കെ നടത്താറുണ്ട്. ആള്‍ക്കൂട്ട മനശ്ശാസ്ത്രം എന്ന തലക്കെട്ടില്‍ അതു വിശകലനം ചെയ്യപ്പെടാറുമുണ്ട്. പക്ഷേ, ന്യായീകരിക്കാനാവില്ലെങ്കിലും അന്ന് അതിലൊക്കെ ചില്ലറ നൈതികതയും നീതിയും ലോജിക്കുമൊക്കെ കാണാം. കൈയാങ്കളിയുടെ ക്ലൈമാക്‌സ് നിര്‍ദാക്ഷിണ്യം ഒരു കൊലയില്‍ കലാശിക്കാറില്ല. ഇര അപരാധിയോ നിരപരാധിയോ ആവട്ടെ, ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാളെങ്കിലുമുണ്ടാവും 'മനുഷ്യനല്ലേ കൂട്ടരേ' എന്നു പറയാന്‍; തടയാന്‍.
മോബ് സൈക്കോളജി 'മൊബൈല്‍' സൈക്കോളജിക്കായി വഴിമാറിക്കൊടുക്കേണ്ടിവരുന്നു. അല്‍പം മാനവികത/മനസ്സാക്ഷിയുള്ളൊരു മനുഷ്യന് അല്‍പനേരമെങ്കിലും നോക്കിനില്‍ക്കാന്‍ പറ്റുന്നതല്ല ഈദൃശ ദുഷ്ടദൃശ്യങ്ങള്‍. ഒരു ഉളുപ്പും ചങ്കിടിപ്പുമില്ലാതെ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കപ്പെടുകയുമാണ്. ആ സന്ദേശം ഒരശനിപാതമാണ്, വിനാശമാണ്; നമ്മെ വേഗത്തില്‍ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഫാഷിസത്തിന്റെ വൈറസാണ്. വിശുദ്ധവേദം ഫിത്‌ന എന്നു വിശേഷിപ്പിക്കുന്ന കൊലയേക്കാള്‍ ഗുരുതരമായ പ്രഹേളിക. ഇതു വിതറുന്ന, വ്യാപിപ്പിക്കുന്ന ഭയവും അരക്ഷിതബോധവും ഹിന്ദുത്വ ഫാഷിസത്തിന്റെ മാത്രമല്ല, എല്ലായിനം ഫാഷിസങ്ങളുടെയും മൂലധനമാണ്. ഈ മൂലധനത്തിന്റെ നിധിസൂക്ഷിപ്പുകാരായ അധികാരികളെ തന്നെ അഭയംതേടി സമീപിക്കുന്ന, അവരോട് രാജിയാവുന്ന, അടിയറവു പറയുന്ന, അവരുടെ സ്തുതിപാഠകരാവുന്ന സംഭീതരായ ഒരു ജനതയുടെ മൗഢ്യം ഒന്നാലോചിച്ചുനോക്കൂ!
ഈ മൗഢ്യമാണ് നാനാത്വത്തിലെ ഏകത്വമെന്ന സംസ്‌കാരത്തെ നിരന്തരം ചുരമാന്തുന്നതും സംഹരിക്കുന്നതും. എല്ലാവര്‍ക്കും ആത്മബന്ധമുള്ള ഒരു പൈതൃകത്തിന്റെ അപസംസ്‌കാരവല്‍ക്കരണം. ഈ മൗഢ്യം നന്നായി പഠിച്ചു ഗൃഹപാഠം ചെയ്താണ് മേലാളന്മാര്‍ വേട്ടയ്ക്കിറങ്ങുന്നതും വേട്ടയ്ക്കിറക്കുന്നതും. അതിനു ദാര്‍ശനിക പരിവേഷം നല്‍കാനുള്ള എല്ലാ ചമയങ്ങളും ചായക്കൂട്ടുകളും അവര്‍ക്കുണ്ട്. അതിനൊരു സാവര്‍ണ്യമുണ്ട്, ബ്രാഹ്മണ്യമുണ്ട് കൂട്ടരേ. നുണ ഒരു ഫിലോസഫിയും ഫാഷിസം ഒരു പ്രത്യയശാസ്ത്രവും ചരിത്രം ഒരഭിസാരികയുമാവുന്നത്. ഈ മൂലധനം/മൗഢ്യം ഉപയോഗിച്ചാണ് താപ്പും തരവുമനുസരിച്ച് നമ്മുടെ അടിസ്ഥാന സമ്പത്ത് കൊള്ളയടിച്ച് കട്ടുകടത്തുന്നത്. 'എന്നെ നിങ്ങള്‍ പ്രധാനമന്ത്രിയാക്കേണ്ട, ചൗക്കിദാര്‍ ആക്കുക'- മോദി എന്ന ഇന്ത്യയുടെ പിഎം 'ചൗക്കിദാര്‍' ആവും മുമ്പേ നമ്മോട് ആര്‍ത്തട്ടഹസിച്ചു പറഞ്ഞത് ഇതാണ്.
രാഷ്ട്രത്തിന്റെ കാവലാളാവാന്‍ ഇഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട പിഎം മാറുവിരിച്ചുനില്‍ക്കെയാണ് ഇതൊക്കെ. അപ്പോഴാണ് ഏറിയും കുറഞ്ഞും മാറിയും മറിഞ്ഞും നില്‍ക്കുന്ന നമ്മുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയെക്കുറിച്ച് വിരാട് പുരുഷന്‍മാര്‍ വാചാലരാവുന്നത്. ദേശത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക'വിളര്‍ച്ച,' ഒരു മഹാജനതയുടെ ജീവിത'വരള്‍ച്ച'; ഇതൊക്കെ ആഭ്യന്തര 'പ്രത്യുല്‍പാദന' വളര്‍ച്ച കാണിച്ചു മറികടക്കാമെന്നാണ് സൂത്രം. മേത്തന്റെ പ്രജനനശേഷിക്ക് പ്രീ എംപ്റ്റീവ് പ്രഹരമേല്‍പ്പിക്കാന്‍ സൈനിക മേധാവിയെ തന്നെ ഏല്‍പിക്കുന്ന ഈ ആസുരകാലത്ത് പശു പക്ഷേ, പാവം പയ്യായി മാറിയേക്കുമോ എന്നാണ് സംശയം. ഫാഷിസം അതിന്റെ ടൂള്‍സ് ഓരോന്നോരോന്നായി സെറ്റ് ചെയ്യുന്ന ആ രീതി, എന്റമ്മോ അപാരം തന്നെ!
നോക്കൂ, നമ്മുടെ പിഎം ഇപ്പോള്‍ ശരിയായ ചൗക്കിദാര്‍ ആവുകയാണ്. ബഹുകോടിയേറ്റി കരകാണാക്കടല്‍ കടന്ന ഇഷ്ടജനങ്ങളുടെ ഇന്ത്യന്‍ സ്ഥാവരസ്വത്തുക്കള്‍ കണ്ടുകെട്ടുന്ന തിരക്കിലാണ് ശ്രീമാന്‍ (കണ്ടുകെട്ടല്‍ മേത്തന്മാരുടെ ശരീഅത്തനുസരിച്ച് സുന്നത്തുമാണല്ലോ). അവര്‍ക്കാണെങ്കില്‍ യൂറോ-അമേരിക്കയില്‍ സസുഖം വാഴാനുള്ള ജംഗമസ്വത്തുക്കള്‍! ഒന്ന് ഇരുത്തിച്ചിന്തിച്ചാല്‍ നാം ഇന്ത്യക്കാരുടെ മൊത്തം അവസ്ഥ പരിതാപകരം തന്നെ. നാം വില്‍ക്കപ്പെടുകയാണ്, രാഷ്ട്രസമ്പത്ത് കൊള്ളയടിക്കപ്പെടുകയാണ്. നടേപ്പറഞ്ഞ മൗഢ്യത്തിലേക്ക് നാം വീണ്ടും വീണ്ടും കൂപ്പുകുത്തുകയാണോ? എങ്കില്‍ അനതിവിദൂരഭാവിയില്‍ നമ്മള്‍ തെണ്ടിപ്പോയതു തന്നെ. പിഎമ്മിന്റെ പട്ടാങ്ങുകൊണ്ട് സംഭവിക്കുന്നതാണിതൊക്കെ എന്നു കരുതി സമാധാനിക്കാന്‍ അദ്ദേഹം ഒരിക്കലും ഒരു സാത്വികനായിരുന്നിട്ടില്ലല്ലോ. നമ്മുടെ ധാര്‍മികരോഷം സോഷ്യല്‍ മീഡില്‍ മീഡിയകളില്‍ കത്തിക്കയറുന്നു. വോട്ടവകാശം കഴിഞ്ഞാല്‍ നമുക്ക് ജനാധിപത്യത്തില്‍ ബാക്കി കിട്ടുന്ന തെറിപറയാനുള്ള അവകാശം സമൃദ്ധിയായി ഉപയോഗിച്ച് നാം സായൂജ്യമടയുന്നു. അധികാരികള്‍ക്കും സില്‍ബന്തികള്‍ക്കും സുഖകരമായ ആത്മരതി. എങ്കിലും ചൗക്കിദാര്‍ ഇപ്പോള്‍ കര്‍മനിരതനാണ്.
നമ്മുടെ സിഎം ആവട്ടെ, വേഗം കുറഞ്ഞ സംസാരത്തില്‍ മൃദുത്വവും നടപടിയില്‍ ധാര്‍ഷ്ട്യവും സമം ചേര്‍ത്തുകൊണ്ട് മുന്നേറുന്ന നമ്പര്‍ വണ്‍ കോമ്രേഡാണ്. കമ്മ്യൂണിസ്റ്റ് കുടുംബപൈതൃകമുള്ള 80 വയസ്സുകാരി എന്‍ തങ്കമ്മ പറയുമ്പോലെ, ക്രൂരനും ദയാരഹിതനും വൈരനിര്യാതനബുദ്ധിയുമായ ഡിക്‌റ്റേറ്റര്‍ എന്ന് പിണറായിയെ നമുക്കു പറയാനാവില്ല. എല്ലാം ശരിയാവുമെന്ന ശുഭപ്രതീക്ഷ നല്‍കി വിശ്വസിപ്പിച്ച്, തനിക്കു പറ്റാത്തവരില്‍ വച്ച് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നവരെ ശരിയാക്കുന്നൊരു കലാപരിപാടി ഇദ്ദേഹത്തിനുണ്ട്. കൈയില്‍ അധികാരമുള്ളതുകൊണ്ട് സഖാവ് വിജയന്‍ അതില്‍ വിജയിക്കുന്നുമുണ്ട്. ആദിവാസി മധുവിന്റെ കൊല നമ്മുടെ നഷ്ടപ്പെടുന്ന സാംസ്‌കാരിക സമ്പന്നതയുടെ ഉദാഹരണമെന്ന് വളരെ ചിന്തിച്ച് സമയമെടുത്ത് നമ്മുടെ മുഖ്യമന്ത്രി പറയുമ്പോള്‍ മറ്റ് അരുംകൊലകളും അന്യായ തടങ്കലുകളും എന്തിന്റെയൊക്കെ ഉദാഹരണമാണെന്നു പറയുന്നില്ല. എല്ലാവര്‍ക്കും കാര്യം നന്നായി അറിയാവുന്നതുകൊണ്ടായിരിക്കും ലക്ഷണമൊത്ത മിതഭാഷിയായ സഖാവ് ഒരു വാക്കെങ്കിലും ഇതിന് ദുര്‍വ്യയം ചെയ്യാത്തത്. തീര്‍ച്ചയായും മതനിരപേക്ഷതയുടെയും മതമില്ലാത്ത ജീവന്റെയും കാവലാള്‍ തന്നെ മുഖ്യന്‍. സ്വതസിദ്ധമായ ശാന്തതയോടെ പീസ് സ്‌കൂളുകളെയും അക്ബര്‍മാരെയും അതുവഴി ഇസ്‌ലാമിനെയും ഡീല്‍ ചെയ്ത രീതി പ്രശംസാര്‍ഹമാണ്. സയണിസത്തിന്റെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സത്യാനന്തര ഉല്‍പന്നമായ ഇസ്‌ലാമോഫോബിയയുടെ കെട്ട സന്ദേശം സാമ്രാജ്യത്വവിരുദ്ധനായ സഖാവ് പ്രചരിപ്പിക്കുകയോ? വേദനാജനകമാണത്.
എന്തായാലും ഇതേ ദൗത്യം നിര്‍വഹിക്കപ്പെടുന്ന പല സുപ്രധാന ചെയ്തികളുടെയും കാര്‍മികത്വം വഹിക്കാനുള്ള സൗഭാഗ്യം ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കു തന്നെ ലഭിച്ചത് ചാരിതാര്‍ഥ്യജനകമാണ്. പക്ഷേ, തുന്നിച്ചേര്‍ക്കപ്പെട്ട് ജീവനോടെയിരിക്കുന്ന കൈപ്പത്തി തന്നെ ഇപ്പോഴും എപ്പോഴും എന്നേക്കും ഇസ്‌ലാമിക ഭീകരതയ്ക്കുള്ള ഒരു തൊണ്ടിയായി പൊക്കിക്കാണിക്കുന്നതിലെ ഐറണി രസാവഹമാണ്. അന്തംകമ്മിയാക്കിവച്ച് ധിഷണ മന്ദഗതിയിലാക്കി പ്രവര്‍ത്തിക്കുന്ന മേത്തന്മാര്‍ക്ക്, നീതിയിലും മനുഷ്യസാഹോദര്യത്തിലും വിശ്വാസമുള്ള മറ്റാരെങ്കിലും പറയുമ്പോഴാണ് കാര്യം തിരിയുന്നത്. ക്രിമിനോളജിസ്റ്റുകളെ പോലും കണ്ണുതള്ളിക്കുന്ന കേരളീയ അരുംകൊലകള്‍, ഭരണകൂട ഭീകരതയുടെ പേരില്‍ ഇഞ്ചിഞ്ചായി ശ്വസിക്കാനുള്ള സ്വാതന്ത്ര്യംപോലുമില്ലാതെ ഒടുങ്ങുന്ന തടങ്കല്‍പ്പാളയത്തിലെ മനുഷ്യജീവനുകളുമായി തുലനം ചെയ്യുമ്പോള്‍ മറ്റൊരു കാഴ്ചപ്പാടാവും നമുക്ക് ലഭിക്കുക. ഉത്തരേന്ത്യന്‍ ഗോസായിമാരുടെ ഗോസംരക്ഷണ രീതി മറ്റു ചില ദൗത്യങ്ങള്‍ക്കായി ദത്തെടുത്ത് ക്രൈമിന്റെ നാലുവരിപ്പാത തീര്‍ക്കുകയാണ് നാമും. ആരാണ് നഷ്ടപ്പെടുന്ന നമ്മുടെ സാംസ്‌കാരിക സമ്പന്നതയുടെ ആരാച്ചാര്‍മാര്‍? കപടമായ ന്യായീകരണത്തിന് മുതിരാതെ, നുണയെ പുണരാതെ സ്വന്തം മനസ്സാക്ഷിയെ മുന്‍നിര്‍ത്തി ഒരു സ്വയംവിമര്‍ശനത്തിന് തയ്യാറായാല്‍ കണ്ടെത്താവുന്ന കുറേ യാഥാര്‍ഥ്യങ്ങളുണ്ട്.
കേരളം മാറിമാറി ഭരിക്കുന്ന രണ്ടു മുന്നണികളുടെയും അവകാശവാദപ്രകാരമുള്ള പുരോഗതി ഇവിടെ പ്രകടമല്ല, ദൃശ്യമല്ല. ലാഭത്തിലോടുന്ന വ്യവസായശാലകള്‍ വിരലിലെണ്ണാന്‍പോലുമില്ല. വ്യവസായസംരംഭകത്വം ഉദ്ദിഷ്ടഫലം പൂവണിയുന്നില്ല. ... പണമുണ്ട്. ഇപ്പോഴും അതിന്റെ ആത്യന്തിക സ്രോതസ്സ് ഗള്‍ഫ് മലയാളികള്‍ തന്നെ. പ്രവാസിപ്പണം പുഷ്‌കലമാക്കിയ ഒരു ധന്യതയുടെ ബാക്കിപത്രത്തിലാണ് ഇന്നും നമ്മുടെ അടുപ്പുകള്‍ പുകയുന്നത്.                                                    ി

RELATED STORIES

Share it
Top