സംസ്‌കാരത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നയങ്ങള്‍ ഫലപ്രദം: മന്ത്രി

തൃശൂര്‍: മലയാള സംസ്‌കാരത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ടുപോവുകയാണെന്നും സര്‍ക്കാര്‍ നയങ്ങള്‍ ഫലപ്രദമായ ഇടപെടലുകളായി മാറിത്തീരുന്നുണ്ടെന്നും സാംസ്‌കാരികമന്ത്രി എ കെ ബാലന്‍. കേരള സാഹിത്യ അക്കാദമി 61ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളഭാഷ പുതിയ തലമുറയില്‍നിന്ന് അന്യംനിന്നുപോവുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഭാഷയെ സംരക്ഷിക്കുന്നതിന് ഒരുപാട് പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിവരുകയാണ്. സാംസ്‌കാരികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ തുക ബജറ്റില്‍ നീക്കിവയ്ക്കും. പുതിയതായി മൂന്നു പദ്ധതികള്‍ക്കു രൂപം ന ല്‍കും. ഗ്രാമീണ കലാകാരന്മാരുടെ കലാവതരണങ്ങള്‍ക്കു വേണ്ടി റൂറല്‍ ആര്‍ട്ട് ഹബ് സ്ഥാപിക്കും. മതേതര ഒത്തുചേരലിനു വേണ്ടി നാട്ടരങ്ങ് വേദികള്‍ രൂപീകരിക്കും. ജീവിതാവസാനത്തില്‍ ഒറ്റപ്പെട്ട് ദുരിതമനുഭവിക്കുന്ന കലാകാരന്മാര്‍ക്കു വേണ്ടി സന്തോഷഭവനം നിര്‍മിച്ചുനല്‍കും. ഇതെല്ലാം നമ്മുടെ സാംസ്‌കാരിക പൊതുമണ്ഡലത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.
സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ കേരള സമൂഹത്തിന്റെ നിറഞ്ഞ അംഗീകാരമാണ്. അത് ഏതെങ്കിലും മന്ത്രിയുടെ ഔദാര്യമല്ല. തലമുറകളെ സ്വാധീനിച്ച പ്രതിഭാശാലികള്‍ക്ക് സ്വാഭാവികമായി ലഭിക്കുന്നതാണ് ഈ പുരസ്‌കാരങ്ങള്‍. കേരള ജനതയുടെ സ്‌നേഹപ്രകടനമാണിത്. മൗലികമായ കാഴ്ചപ്പാടുകള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്കുള്ള ഈ അംഗീകാരങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സി ആര്‍ ഓമനക്കുട്ടന്‍, ലളിതാ ലെനിന്‍, ജോസ് പുന്നാംപറമ്പില്‍, പി കെ പാറക്കടവ്, പൂയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ക്ക് സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്‌കാരങ്ങള്‍ മന്ത്രി സമര്‍പ്പിച്ചു.
വാക്കുകള്‍ ചിന്തയുടെ വാഹനങ്ങളാണെന്നും അക്ഷരങ്ങളാണ് അതിന് അടിസ്ഥാനമെന്നും ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. സമകാലിക കേരളീയ സാഹചര്യത്തി ല്‍ മലയാളം പഠിക്കുന്നവര്‍ക്ക് മുന്നോട്ടുനോക്കിയാല്‍ ഇരുട്ടാണ് കാണാനാവുകയെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച സി രാധാകൃഷ്ണന്‍ പറഞ്ഞു. ഏഴാച്ചേരി രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top