സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: ക്ഷേമത്തിന് ക്ഷാമം വരില്ലെന്ന് വെല്‍ഫെയര്‍ കമ്മിറ്റി

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായുള്ള വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഒരുക്കങ്ങങ്ങള്‍ പൂര്‍ത്തിയായി. ആരോഗ്യം, കുടിവെള്ളം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, ശുചീകരണം, മാലിന്യ  നിര്‍മ്മാര്‍ജ്ജനം, അത്യാഹിതങ്ങള്‍ നേരിടുന്നതിനുള്ള മുന്‍കരുതലുകള്‍ എന്നിവയാണ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. തേക്കിന്‍കാട്ടിലെ പ്രധാനവേദിക്കരികില്‍ ക്ഷേമകാര്യസമിതി ഓഫിസിനോട് ചേര്‍ന്ന് അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വിഭാഗങ്ങളിലെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അറ്റന്‍ഡര്‍മാരും ഉള്‍പ്പെടെയുള്ള സംഘം സന്നദ്ധരായി രാവിലെ മുതല്‍ പരിപാടികള്‍ അവസാനിക്കുന്നതുവരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സേവനം ഉറപ്പുവരുത്തിയിരിക്കുന്നു പ്രഥമശുശ്രൂഷയ്ക്കുള്ള സൗകര്യം എല്ലാ വേദിയോടും ചേര്‍ന്ന് ഉണ്ടായിരിക്കും. താല്‍ക്കാലിക പരിശോധനകള്‍ക്ക് പവലിയനില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അതോടൊപ്പം ജനറല്‍ ആശുപത്രിയില്‍ ഒരു വാര്‍ഡ് കലോത്സവവുമായി ബന്ധപ്പെട് അത്യാഹിതങ്ങള്‍ നേരിടുന്നതിന് സജ്ജമാക്കിയിട്ടുണ്ട്. ശുദ്ധീകരിച്ച കുടിവെള്ളം എല്ലാം വേദികളോടും  ചേര്‍ന്ന് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ശുദ്ധീകരിച്ച വെള്ളം 20 ലിറ്റര്‍ കണ്ടെയ്‌നറില്‍   എത്തിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കഴിയാവുന്നിടത്തെല്ലാം മണ്‍കൂജകളിലാണ് വെള്ള വിതരണത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. കുടിക്കുന്നതിന് സ്റ്റീല്‍ ഗ്ലാസ് ആണ് ഉപയോഗിക്കുക. താമസസൗകര്യം ഒരുക്കിയിട്ടുള്ള വിദ്യാലയങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം സജ്ജീകരിച്ചിട്ടുണ്ട് എല്‍ജോയ് ഫെസ്റ്റ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ കലോത്സവം കാണാനെത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി സംഭാരവും രാത്രിയില്‍ ചുക്കുകാപ്പിയും വിതരണം ചെയ്യുന്നതിനായി പ്രധാനവേദിക്കരികില്‍ കൗണ്ടര്‍ സജ്ജമാക്കിയിട്ടുണ്ട്. തേക്കിന്‍കാട്, ഭക്ഷണശാല എന്നിവിടങ്ങളിലായി സ്‌റ്റേജ് & പന്തല്‍ കമ്മിറ്റിയുമായി സഹകരിച്ച് ‘ഇ’ ടോയിലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രധാനവേദികളോട്  ചേര്‍ന്നുള്ള മൈതാനത്തും ഭക്ഷണശാലയുടെ സമീപത്തും പൊടിശല്യം ഒഴിവാക്കുന്നതിന് ഇടവിട്ട് വെള്ളം നനക്കുന്നതിനുള്ള സൗകര്യം കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുണ്ട്.പ്രത്യേക പരിശീലനം ലഭിച്ച നൂറോള്ളം ജൂനിയര്‍ റെഡ് ക്രോസ്സ്  വളണ്ടിയര്‍മാരെയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എല്‍ റോസി ചെയര്‍മാനും,  പി.ആര്‍ രാമചന്ദ്രന്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ കമ്മിറ്റിയില്‍ 300 അധ്യാപകരെ 60 ഗ്രൂപ്പുകളായി തിരിച്ച് സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top