സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങള്‍ അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മലപ്പുറം: പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങള്‍ അട്ടിമറിച്ചുകൊണ്ടുള്ള സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മലപ്പുറം ഡിടിപിസി ഹാളില്‍ ചേര്‍ന്ന ലോക്കല്‍ ഗവണ്‍മെന്റ് മെംബേഴ്‌സ് കോണ്‍ഗ്രസ് ജനപ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമസഭകളെയും പ്രാദേശിക ഭരണകൂടങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ട് അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ജനപ്രതിനിധികള്‍ ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ഭവനരഹിതനു പോലും വീട് കൊടുക്കാന്‍ സാധിക്കാത്ത ലൈഫ് മിഷന്‍ പോലുള്ള സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പല പരിപാടികളും സമ്പൂര്‍ണ പരാജയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഇതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കാനുള്ള ഏജന്‍സികളായി പ്രാദേശിക ഭരണകൂടങ്ങളെ തരംതാഴ്ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്കല്‍ ഗവണ്‍മെന്റ് മെംബേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ കെ അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എ പി അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ്, കെപിസിസി സെക്രട്ടറിമാരായ പി ടി അജയ്‌മോഹന്‍, കെ പി അബ്ദുല്‍ മജീദ്, വി എ കരീം, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പകവാടി, ഇ മുഹമ്മദ്കുഞ്ഞി, അഡ്വ. ഫാത്തിമ റോഷ്‌ന, പത്മിനി ഗോപിനാഥ്, ഹൈദ്രോസ്, സി കെ ജയദേവന്‍, ജോര്‍ജ് എടപ്പറ്റ സംസാരിച്ചു.

RELATED STORIES

Share it
Top